
തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്‌കൂൾകലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ ഒൻപതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലാണ് കൊടിമരം. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദിയായ എം.ടി.നിളയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് സ്വാഗതം പറയും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയങ്ങളിലെ കുട്ടികളും ചേർന്നവതരിപ്പിക്കും.
വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികളുടെ നൃത്തശില്പവും അരങ്ങേറും. ഉദ്ഘാടനശേഷം ഒന്നാംവേദിയിൽ ഹൈസ്‌കൂൾവിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരമാരംഭിക്കും. 25 വേദികളുണ്ടെങ്കിലും ആദ്യദിവസം 24 വേദികളിലാണ് മത്സരങ്ങൾ. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും. ഫലമറിയാൻ വേദികൾക്കരികെ ഡിജിറ്റൽ സൗകര്യവുമുണ്ട്. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1,000 രൂപ നൽകും. പതിനയ്യായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.
സമാപനത്തിന് ടോവിനോ
ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് കലോത്സവ സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടോവിനോ തോമസ് മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസമന്ത്രി അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |