
കോയമ്പത്തൂർ: പ്രകൃതിയുടെ കാവൽക്കാരായ തേനീച്ചകളെ സംരക്ഷിക്കണമെന്ന സന്ദേശം വെറും പ്രസംഗത്തിലൊതുക്കാതെ, ആയിരക്കണക്കിന് തേനീച്ചകളെ മുഖത്ത് വഹിച്ചുകൊണ്ട് കൗതുകകരമായ അവബോധം സൃഷ്ടിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥിനി. കോയമ്പത്തൂർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ലോക തേനീച്ച ദിനാചരണത്തിനിടയിലാണ് ക്യാമ്പസിനെ ഒന്നടങ്കം അമ്പരപ്പിച്ച വേറിട്ട കാഴ്ച. യൂണിവേഴ്സിറ്റിയിലെ അഗ്രിക്കൾച്ചറൽ എന്റമോളജി വിഭാഗം വിദ്യാർത്ഥിനിയായ പാകിയ ലക്ഷ്മിയാണ് വളരെ കൂളായിട്ട് ആയിരക്കണക്കിന് തേനീച്ചകളെ താടി പോലെ മുഖത്ത് വഹിച്ചുകൊണ്ട് നിന്നത്.
ബീ ബേർഡിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെ മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ് ബീ ബേർഡിംഗ്. ഈച്ചയെ കൃത്യമായി മുഖത്തിന് താഴെ നിലനിർത്തിക്കൊണ്ടാണ് മറ്റ് തേനീച്ചകളെയും ആകർഷിക്കുന്നത്. ഒരൊറ്റ കുത്ത് പോലുമേൽക്കാതെ മിനിട്ടുകളോളമാണ് പാകിയ ലക്ഷ്മി തേനീച്ചകളെ മുഖത്ത് വഹിച്ചുകൊണ്ട് നിന്നത്. തേനീച്ചകൾ മനുഷ്യന്റെ ശത്രുക്കളല്ലെന്നും, അവയെ ഉപദ്രവിക്കാതിരുന്നാൽ അവ തിരിച്ച് ആക്രമിക്കില്ലെന്നുമുള്ള സന്ദേശമാണ് ഈ സാഹസികതയിലൂടെ വിദ്യാർത്ഥിനി സമൂഹത്തിന് നൽകിയത്. ചടങ്ങിൽ പങ്കെടുത്ത കർഷകർക്കും കുട്ടികൾക്കും വിദ്യാർത്ഥിനിയുടെ പ്രവൃത്തി പുതിയൊരു അനുഭവമായി മാറി.
യൂണിവേഴ്സിറ്റിയിലെ അഗ്രിക്കൾച്ചറൽ എന്റമോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ തേനീച്ച വളർത്തുന്നവർ, കർഷകർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. യൂണിവേഴ്സിറ്റി ആക്ടിംഗ് വൈസ് ചാൻസലറും രജിസ്ട്രാറുമായ ഡോ. കെ. സുബ്രഹ്മണ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |