SignIn
Kerala Kaumudi Online
Saturday, 13 June 2026 4.01 PM IST

'മഴക്കാലത്ത് മുറിക്കുള്ളിൽ സുഗന്ധം പരത്താനും കൊതുകിനെയും ഈച്ചയെയും തുരത്താനും ഇതുമതി'

mosquito

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതിനൊപ്പം പകർച്ചവ്യാധികളും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കെട്ടിക്കിടക്കുന്നതും ഉയർന്ന ആർദ്രതയും കൊതുകുകളും മറ്റ് പ്രാണികളും പെരുകുന്നതിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ വൈറസുകളുടെ വ്യാപനത്തിന് കൊതുക് കാരണമാകുന്നു.

സന്ധ്യാസമയത്ത് വീടിനുള്ളിൽ ചുറ്റിനടന്ന് നമ്മളെ കടിക്കുന്നതിനൊപ്പം മാരക രോഗങ്ങളും പരത്തുന്ന ഇവയെ തുരത്തുന്നതിന് എളുപ്പമാർഗങ്ങളുണ്ട്. കൊതുകുകളെയുെം പ്രാണികളെയും തുരത്താനുള്ള പല ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും അവയൊക്കെയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇങ്ങനെയുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ കൊതുകിനെയും ഈച്ചയെയും തുരത്താം.

വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട നടപടി. കർപ്പൂരം, വേപ്പെണ്ണ, തുളസി, പുൽത്തൈലം എന്നിവ പ്രാണികളെ അകറ്റിനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങളാണ്. മുറികളിൽ കർപ്പൂരം കത്തിക്കുന്നത് ഈച്ചയെയും കൊതുകിനെയും അകറ്റി നിർത്താൻ ഏറ്റവും നല്ലതാണ്. ഇതിന്റെ പുക വീടിനുള്ളിലെ വായുവിൽ നിറയുന്നതോടെ ഇവ പറന്നകലും.

ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഇവയെ തുരത്തുന്നതിന് നല്ലെണ്ണയും ഗ്രാമ്പൂവും മഞ്ഞൾപ്പെടിയും ഉപയോഗിച്ച് ഒരു പൊടിക്കൈ ഉണ്ട്. ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീസ്പൂണും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. എണ്ണ തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം. ഒരു കോട്ടൺ തുണി നീളത്തിൽ ചെറുതായി കീറിയെടുത്തു തിരിപോലെ ചുരുട്ടിയതിനുശേഷം തയ്യാറാക്കിയ എണ്ണയിൽ മുക്കിവച്ച് രാത്രിയിൽ മുറിക്കുള്ളിൽ കത്തിച്ചാൽ കൊതുക് പമ്പ കടക്കും.

കൊതുകിനെ മാത്രമല്ല ഈച്ച ശല്യം കുറയ്ക്കാനും ഈ വിദ്യ ഗുണകരമാണ്. ഗ്രാമ്പുവിന്റെ സുഗന്ധം മുറിക്കുള്ളിൽ പരക്കുന്നതിനൊപ്പം കൊതുകുകളെ അകറ്റാനും സാധിക്കും. ഈ ഗന്ധം ഈ പ്രാണികൾക്ക് അസഹനീയമായമായതിനാലാണ് ഇവ സ്ഥലം കാലിയാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSQUITO, EASY TIP, MOSQUITO REPELLENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY