
മനുഷ്യരാശിയെ എന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പിരമിഡുകൾ. എട്ട് ലോകാത്ഭുതങ്ങളിലൊന്നാണ് ഈജിപ്‌തിലെ ഗിസ പിരമിഡ്. ഈജിപ്‌തിൽ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും പിരമിഡുകളുണ്ട്. എന്നാലിപ്പോൾ ലോകത്തെ വിസ്‌മയിപ്പിച്ച പിരമിഡുകളിലൊന്ന് തകർന്നുവീണത് വലിയ ആശങ്കയാവുകയാണ്. മെക്‌സിക്കോയിലെ മിച്ചോവാക്കാൻ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം 1100 വർഷം പഴക്കമുള്ള പുരാതന പിരമിഡാണ് തകർന്നുവീണത്.
മഴയെത്തുടർന്ന് 2024ൽ പിരമിഡ് ഭാഗികമായി തകർന്നുവീഴുകയായിരുന്നു. മിച്ചോവാക്കാൻ രാജവംശ കാലത്ത് വളരെ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നതാണ് ഈ പിരമിഡ്. കോട്ട, ശവകുടീരങ്ങൾ. പിരമിഡ് എന്നിവയടങ്ങുന്ന ഇഹ്വാറ്റ്‌സിയോ എന്ന പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് പിരമിഡ് സ്ഥിതി ചെയ്യുന്നത്.
പിരമിഡ് തകരുന്നതിനുമുൻപ് പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്നു. കൊടുചൂടിൽ പിരമിഡിൽ വിള്ളലുകൾ വീണിരുന്നു. പിന്നാലെ പെയ്ത കനത്ത മഴയിൽ ഈ വിള്ളലുകളിലൂടെ വെള്ളമിറങ്ങിയതാണ് തകർന്നുവീഴാനിടയാക്കിയത്. പിരമിഡിന്റെ ബാക്കിയുള്ള ഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പുർഹേപെച്ചാസ് ജനതയുടെ പ്രധാന കേന്ദ്രമായിരുന്നു ഇഹ്വാറ്റ്‌സിയോ. ഇന്നും സജീവമായുള്ള ഈ ഗോത്രവിഭാഗത്തിലുള്ളവർ പിരമിഡിന്റെ തകർച്ച അശുഭ ലക്ഷണമായാണ് കാണുന്നത്. മുൻപ് മെക്‌സിക്കോയിൽ വിദേശ അധിനിവേശമുണ്ടാകുന്നതിന് തൊട്ടുമുൻപും സമാനമായ രീതിയിൽ പിരമിഡിന് തകർച്ചയുണ്ടായെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ദൈവകോപമാണ് പിരമിഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |