SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.46 AM IST

ചക്രങ്ങൾ

ee

തീവണ്ടിയിൽ എനിക്ക് അഭിമുഖമായാണ് അവർ ഇരുന്നത്. അച്‌ഛനും അമ്മയും ഏതാണ്ട് ഏഴു വയസ് പ്രായമുള്ള പെൺകുട്ടിയും. തീവണ്ടിയുടെ ഉലച്ചിലിനോടൊപ്പം അവൾ അമ്മയുടെ തോളിലേക്ക് മയങ്ങി വീഴുന്നുണ്ടായിരുന്നു. ഇടയ്‌ക്കുണരുമ്പോൾ കുട്ടിയുടെ കണ്ണുകൾ ആർത്തിയോടെ പുറത്തെ കാഴ്‌ചകളിലേക്ക് നീളും. കണ്ടു മതി വരും മുൻപ് വീണ്ടും അവൾ മയക്കത്തിലേക്ക് വഴുതിപോകും. ഇടയ്‌ക്കിടെ അസഹ്യമായ വേദനയോടെ മുഖം ചുളിയ്‌ക്കുമ്പോൾ അമ്മ അവളുടെ നെറ്റിയിൽ മൃദുവായി തലോടും.

''എന്താ കുട്ടിയ്‌ക്ക് സുഖമില്ലേ?""

ഞാൻ തിരക്കി.

''കുട്ടിക്ക് വയ്യ... ഡോക്ടറെ കാണാൻ പോകുവാ...""

അമ്മയുടെ വാക്കുകൾ മുറിഞ്ഞു. എനിക്ക് കൂടുതൽ അറിയണം എന്നുണ്ടായിരുന്നുവെങ്കിലും തൊട്ടടുത്ത സ്റ്റേഷനിൽ എനിക്ക് ഇറങ്ങേണ്ടിയിരുന്നു. അവർക്ക് ഇനിയും മണിക്കൂറുകൾ യാത്ര ചെയ്യാൻ ഉണ്ട്. ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ യുവതി സ്‌നേഹത്തോടെ എന്നെ നോക്കി.

''ചേച്ചിയ്‌ക്ക് എന്നെ മനസ്സിലായില്ല അല്ലേ. ഞാൻ ശങ്കുവിന്റെ ചേച്ചിയാ.. മാലതി.""

അവൾ പറഞ്ഞു. വർണ്ണക്കുടയ്‌ക്കു കൊതിച്ച ശങ്കുവിന്റെ മുഖം ഒരു മിന്നൽ പോലെ എന്റെ മനസിൽ തെളിഞ്ഞു വന്നു.

തീവണ്ടിയിൽ നിന്ന് തിടുക്കത്തിൽ ഇറങ്ങും മുൻപ് ഞാൻ ഒരു തവണ തിരിഞ്ഞു നോക്കി.

''എന്നിട്ട് എന്താ നേരത്തെ പറയാഞ്ഞത്?""

പരിഭവത്തോടെ ആണ് ഞാൻ ചോദിച്ചത്. കുട്ടിയുടെ മുടി കൊഴിഞ്ഞു പോയ തല സാരിത്തുമ്പ് കൊണ്ട് മൂടുമ്പോൾ മാലതി കണ്ണുകൾ തുടച്ചു എന്നെ നോക്കി.

വീട്ടിലെത്തിയിട്ടും അവരുടെ മുഖങ്ങൾ മനസിൽ മായാതെ നിന്നു. ഭക്ഷണം കഴിച്ചു ഒന്ന് മയങ്ങി ഉണർന്നു ടി വി വച്ചപ്പോളാണ് ഞാൻ ആ നടുക്കുന്ന വാർത്ത കേട്ടത്. ഞാൻ വന്ന തീവണ്ടി പാളം തെറ്റിയിരിക്കുന്നു.

പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാൻ അവരെ കുറിച്ചു ഓർമ്മിച്ചു. ആവുന്നത്ര വേഗത്തിൽ ഞാൻ ദുരന്തം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ആശുപത്രിയിലെ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അവരുടെ മുഖങ്ങൾ തേടി. ഇടനാഴിയിൽ നിരത്തി കിടത്തിയിരിയ്‌ക്കുന്ന മൃതദേഹങ്ങൾ. അലമുറയിടുന്ന ബന്ധുക്കൾ. അവിടെ എങ്ങും അവർ ഉണ്ടായിരുന്നില്ല. എനിയ്‌ക്ക് ആശ്വാസം തോന്നി. അവർക്കു ഒന്നും സംഭവിച്ചു കാണില്ല.

പെട്ടെന്നാണ് ഇടനാഴിയുടെ അറ്റത്തു ബെഞ്ചിൽ അവർ ഇരിയ്‌ക്കുന്നതു ഞാൻ കണ്ടത്. ഞാൻ തിടുക്കത്തിൽ അവർക്കരികിൽ എത്തി.

''ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം.""

ഞാൻ ആശ്വാസത്തോടെ പറഞ്ഞു. എന്നാൽ രക്ഷപെട്ടതിന്റെ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

''ജീവിയ്‌ക്കാൻ കൊതി ഉള്ളവരെ മരണം കൊണ്ട് പോയി. മരിച്ചതു പോലെ ജീവിക്കുന്നവരെ ബാക്കിയാക്കി.""

മാലതിയുടെ ഭർത്താവ് നിരാശയോടെ പറഞ്ഞു.

''നിങ്ങൾക്ക് ഇനി നാളെ പോയാൽ പോരെ? ഇന്ന് എന്റെ വീട്ടിൽ കഴിയാം. ഞാൻ പോയി ഒരു ടാക്‌സി വിളിച്ചു വരാം.""

പുറത്തു നിന്നു ടാക്‌സി വിളിച്ചു ഞാൻ വന്നപ്പോൾ അവർ അവിടെ ഇല്ലായിരുന്നു. ചുറ്റുവട്ടത്തിൽ എങ്ങും അവരെ കാണുന്നില്ല. ആശുപത്രിയുടെ പിന്നിലെ തണൽ മരചുവട്ടിൽ നിന്നു ഞാൻ അകലേക്ക് നോക്കി. റെയിൽപ്പാളത്തിലൂടെ അവർ നടന്നു നീങ്ങുന്നു.

വിളിച്ചാൽ കേൾക്കുന്നതിനും അപ്പുറം എത്തിയിരുന്നു അവർ. പൊടുന്നനെ ഞാൻ കണ്ടു. എതിരെ നിന്നു പാഞ്ഞു വരുന്ന ചരക്കു തീവണ്ടി. ഞാൻ ഒന്ന് നടുങ്ങി. ഉറച്ച കാൽവയ്‌പ്പുകളോടെ അവർ നടക്കുകയാണ്. ശബ്‌ദം ഉയർത്തി അവരെ വിളിയ്‌ക്കാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. നോക്കി നിൽക്കെ തീവണ്ടിയ്‌ക്കും അവർക്കും ഇടയിൽ ദൂരമേ ഇല്ലാതാകുന്നത് ഞാൻ കണ്ടു. തീവണ്ടിചക്രങ്ങളിലേക്ക് നോക്കാൻ ശക്തി നഷ്ടപ്പെട്ട ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATHA, WEEKLY, KATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY