പാലാ : കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിക്ക് ചുറ്റുമതിൽ പണിയുന്നതിന് 5 കോടി രൂപ പുതിയ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് മാണി സി.കാപ്പൻ എം.എൽ.എ. ആശുപത്രിയുടെ പുനഃസംഘടിപ്പിച്ച മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരമായി സർവേ നടത്താനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിലേക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കത്ത് നൽകാനും തീരുമാനമായി. നിരവധി നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്. പഴയ ലിഫ്ടുകൾ പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കും. ആശുപത്രിയിൽ ഫോറൻസിക് സർജൻ, സൈക്യാട്രിസ്റ്റ്, കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് പുതിയ തസ്തികകൾ രൂപീകരിക്കണമെന്ന ആവശ്യം സർക്കാരിലേക്ക് അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററിൽ ആവശ്യമായ അധിക സൗകര്യങ്ങൾ ഒരുക്കും. സർക്കാർ തലത്തിലുള്ള മികച്ച അംഗീകാരം ലഭിക്കാൻ ആശുപത്രിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് ടി.പി, ആർ.എം.ഒ ഡോ.രജീഷ് ബാബു, ലേ സെക്രട്ടറി ഷെരീഫ് പി.എ, നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രജിതാ പ്രകാശ്, മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കുടുംബശ്രീ ചെയർപേഴ്സൺ സതി ശശികുമാർ, വാർഡ് കൗൺസിലർ ലീനാ സണ്ണി, മുനിസിപ്പൽ എൻജിനിയർ സിയാദ്, പാലാ എസ്.ഐ സുരേഷ് കുമാർ, ബിബിൻ ജി.എസ്, രൂപേഷ്, ജോസ് ജോസഫ്, സോമിനി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇൻഫെർട്ടിലിറ്റി ക്ലിനിക്
ഇൻഫെർട്ടിലിറ്റി ക്ലിനിക് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന അഭ്യർത്ഥന സർക്കാരിന് സമർപ്പിക്കും. ആശുപത്രിയിൽ എ.ടി.എം സ്ഥാപിക്കുന്നതിനും അതിന്റെ വാടക ഈടാക്കുന്നതിനും തീരുമാനിച്ചു. ആശുപത്രി കെട്ടിടങ്ങളുടെ ഫയർ ആൻഡ് സേഫ്ടി, സ്ട്രക്ച്ചർ സ്റ്റെബിലിറ്റി എന്നിവ രണ്ട് മാസത്തിൽ ഒരിക്കൽ പരിശോധന നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് കത്ത് നൽകും. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി മുഖേന കോട്ടയം എസ്.പിയ്ക്ക് കത്ത് നൽകാനും തീരുമാനമായി.
ചുറ്റുമതിൽ പണിയുന്നതിന് 5 കോടി
പഴയ ലിഫ്ടുകൾ പൊളിച്ച് മാറ്റും
പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |