തിരുവനന്തപുരം: 5 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ആർ.സി.സിയിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നുനൽകണമെന്ന്,നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
പണിതീരുന്നതിന് മുൻപേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു.ഇന്നലെ മന്ത്രി കെ.മുരളീധരൻ നേരിട്ടെത്തി സ്ഥിതി മനസിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ, കരാർപ്രകാരമുള്ള എല്ലാ ജോലികളും സെപ്തംബർ 30നകം പൂർത്തിയാക്കി കെട്ടിടം ആർ.സി.സിക്ക് കൈമാറണമെന്ന് മന്ത്രി നിർദ്ദേശിച്ചു.നിർമ്മാണ പ്രവർത്തനങ്ങളിൽ അനാവശ്യ കാലതാമസമുണ്ടാകരുത്.നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.കോടികൾ ചെലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം രോഗികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |