SignIn
Kerala Kaumudi Online
Monday, 27 July 2026 9.42 PM IST

തീരമേഖലയിൽ ഭീഷണിയായി കാട്ടുപന്നികൾ

wild-boars-pose-a-threat

ചാവക്കാട്: തീരമേഖലയിൽ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയായി കാട്ടുപന്നികൾ. വീടുകളിലും പറമ്പുകളിലും പാടശേഖരങ്ങളിലുമാണ് നിരന്തരമായി കാട്ടുപന്നികൾ ഇറങ്ങി വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. തീര പ്രദേശങ്ങളായ ചാവക്കാട്, കടപ്പുറം, ബ്ലാങ്ങാട്, അകലാട്, പുന്നയൂർ എന്നിവിടങ്ങളിലാണ് ഇവറ്റകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഇവ റോഡുകളിൽ കൂട്ടത്തോടെ ഇറങ്ങുമ്പോൾ യാത്രക്കാർക്ക് അപകടങ്ങൾ പറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ബ്ലാങ്ങാട് കാട്ടിൽ പള്ളി പരിസരത്ത് നിന്ന് കാട്ടുപന്നിയെ കണ്ട് ഭയന്ന് സൈക്കിൾ യാത്രികൻ മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു. ബ്ലാങ്ങാട് കാട്ടിൽ പള്ളിയുടെ മദ്രസയിൽ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. കാലവർഷം ശക്തമായതിനാൽ മദ്രസ നേരത്തെ വിട്ടതിനാൽ വൻദുരന്തം ഒഴിവായി. പന്നിയെ കണ്ടത് പരിസരവാസികളിൽ ഭയാശങ്ക വരുത്തി. കുട്ടികളെ മദ്രസയിൽ വിടാനും രക്ഷിതാക്കൾക്ക് പേടിയാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നേരിട്ട് പോയി പരാതി കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന അമർഷം നാട്ടുകാരിൽ ശക്തമായുണ്ട്. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളും പേടിച്ചാണ് പുറത്തിറങ്ങുന്നത്. കാട്ടുപന്നികൾ ചില സമയത്ത് ആളുകളെ ഉപദ്രവിക്കാറുണ്ട്. കഴിഞ്ഞ മാസം അയൽ പഞ്ചായത്തായ എളവള്ളി മേഖലയിൽ സ്ഥിതി വഷളായതോടെ 17 കാട്ടുപന്നികളെയാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്നത്. തുടർന്ന് നിയമാനുസൃതം കുഴിച്ച് മൂടുന്ന നടപടികളും സ്വീകരിച്ചിരുന്നു. ചാവക്കാട് തീരമേഖലയിലും ബന്ധപ്പെട്ട അധികൃതർ കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം
-ശ്രീരഞ്ജ് ആലിപ്പുരക്കൽ (സാമൂഹ്യ പ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ