അലട്ടുന്ന ആ 9 ദിനങ്ങൾ

ദീപു മോഹൻ | Thursday 07 February 2019 3:30 PM IST
9-malayalam-movie

വൈദ്യുതി ഇല്ലാതെ ഒരു നിമിഷം പോലും കഴിച്ചു കൂട്ടാൻ മനുഷ്യർക്ക് പ്രയാസമാണ്. വാഹനം, ഗൃഹോപകരണങ്ങൾ തുടങ്ങി നമുക്ക് ഇക്കാലത്ത് ഒട്ടും ഒഴിച്ചു കൂടാനാകാത്ത മൊബൈൽ ഫോണിന് വരെ വൈദ്യുതി വേണം. വൈദ്യതി ഇല്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്ത ഈ യുഗത്തിൽ ഒൻപത് ദിവസം വൈദ്യതി ഇല്ലാതെ കഴിയേണ്ടി വന്നാലോ? അതു ദുരൂഹമായ സാഹചര്യത്തിൽ. അത്തരമൊരും കഥയാണ് തന്റെ രണ്ടാമത്തെ ചിത്രമായ 9 (നയൻ) ൽ ജെനുസ് മൊഹമ്മദ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അധികമൊന്നും കണ്ടിട്ടില്ലാത്ത് സയൻസ് ഫിക്‌ഷൻ-ഹൊറർ സിനിമയാണ് 9. കുറവുകൾ ഉണ്ടെങ്കിലും ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയും കഥയുടെ ചുരുളഴിയുന്ന രണ്ടാം പകുതിയും ചേർന്ന് നല്ലൊരു അനുഭവമാണ് ചിത്രം നൽകുന്നത്.

9-malayalam-movie


സംശയങ്ങൾ നല്ലതാണ്

കുട്ടിക്കാലം തൊട്ട് സയൻസ് വിഷയങ്ങളിൽ ഏറെ താൽപര്യം കാണിച്ചിരുന്നു ആൽബർട്ട് (പൃഥ്വിരാജ്)). സംശയം തോന്നുന്നതെല്ലാം ചോദ്യം ചെയ്യാൻ അവനെ അച്ഛനും പ്രോത്സാഹിപ്പിച്ചിരുന്നു. കാലം കടന്നു പോയി, ആൽബർട്ട് പ്രഗത്ഭനായ ശാസ്ത്ര‌ജ്ഞനായി. ഏഴ് വയസുള്ള മകൻ ആദമും അച്ഛൻ ആൽബർട്ടും അത്ര രസത്തിലല്ല. എപ്പോഴും വഴക്ക് പറയുന്ന അച്ഛനേക്കാൾ തനിക്ക് ജന്മം നൽകിയ ഉടൻ മരണപ്പെട്ട അമ്മയോടാണ് ആദമിന് പ്രിയം. കുരുത്തക്കേട് കാണിക്കുന്ന ആദമിനോട് വലിയ സ്നേഹം കാണിക്കാൻ തിരക്കോട് തിരക്കായ ആൽബർട്ടിന് സമയം ഉണ്ടാകാറില്ല. അങ്ങനെയിരിക്കെ ശാസ്ത്രജ്‌ഞനായ ആൽബർട്ടിന് വളരെയേറെ ആകാംഷയും താത്പര്യവുമുള്ള ഒരു പ്രതിഭാസം അരങ്ങേറാൻ പോകുകയാണ്. ഭൂമിയുടെ അടുത്തായി ഒരു ഉൽക്ക കടന്നു പോകാനിരിക്കുന്നു. അതിന്റെ കാന്തിക ശക്തിയുടെ പ്രതിഫലനമായി ഒൻപത് ദിവസത്തേക്ക് ഭൂമിയിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടും. ലോകത്തിന്റെ പല കോണിൽ പല രീതിയിലാണ് ഈ പ്രതിഭാസത്തെ നോക്കി കാണുന്നത്. ആൽബർട്ടിന്റെ ഗുരുവും ശാസ്ത്രജ്ഞനുമായ ഇനായത് ഖാൻ (പ്രകാശ് രാജ്) അദ്ദേഹത്തെ ഈ പ്രതിഭാസം ഏറ്റവും അടുത്ത് കാണാൻ പറ്റുന്ന പ്രദേശത്തേക്ക് പോകുവാൻ ക്ഷണിക്കുന്നു. ഏറെ ഉത്സാഹത്തോടെ തന്റെ മകനും സഹപ്രവർത്തകരിൽ ചിലരുമായി ആർബർട്ട് അങ്ങോട്ട് യാത്ര തിരിക്കുന്നു. വളരെയേറെ പ്രത്യേകതകളുള്ള ആ സ്ഥലത്ത് അമാനുഷികമായ ചിലത് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒൻപത് ദിവസം ഇവർക്കിവിടെ താമസിക്കേണ്ടതായിട്ടുണ്ട്. ഇവരുടെ ജീവിതത്തിലേക്ക് ഏവാ ( വാമിക്ക ഗാബി) എത്തുന്നതോടെ കഥയുടെ ത്രിൽ ആരംഭിക്കുന്നു. ഇത്തരത്തിൽ അത്യധികം ആവേശം നിറച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിൽ തന്റെ മകന് നേരിടേണ്ടി വരുന്ന ചില ഭയപ്പെടുത്തുന്ന സംഭവങ്ങളെ മനസിലാക്കാൻ ശ്രമിക്കുകയാണ് ആൽബർട്ട്. അതിനായി പല വഴികളും തേടുന്നു. മകനോട് ഒരിക്കലും അടുത്തിടപഴകാൻ പറ്റാത്ത ആൽബർട്ടിനെ ഇത്തരമൊരു സാഹചര്യത്തിൽ ഒരു അച്ഛൻ്റെ വൈകാരികത അലട്ടുന്നു. തനിക്ക് ചുറ്റം നടക്കുന്ന പല അനർത്ഥങ്ങളെയും ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റാത്ത അയാൾ സന്യാസിമാരുടെ സഹായവും തേടുന്നുണ്ട്. സിനിമയുടെ അവസാനമെത്തുമ്പോൾ ഇതിനെല്ലാം ഒരു വിശദീകരണം അയാൾക്ക് ലഭിക്കുന്നുണ്ട്. എങ്കിലും അയാൾ പൂർണ തൃപ്തനല്ല. ഒടുവിൽ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകനും ചോദ്യങ്ങൾ ബാക്കിയാണ്. സാധാരണമായി തോന്നാവുന്ന ക്ലൈമാക്സിനെ വാലറ്റത്തുള്ള ഒരു സീൻ വച്ച് സംവിധായകൻ നന്നാക്കിയിട്ടുണ്ട്. ഈ ഒരു സീൻ സിനിമ കണ്ട് ഇറങ്ങുന്ന ഒരാളുടെ മനസിലേക്ക് ചില ചോദ്യങ്ങൾ നിറയ്ക്കുമെന്ന് തീർച്ച. രണ്ടാം പകുതിയിൽ ചില ഭാഗങ്ങളിൽ അൽപ്പം മെല്ലെപ്പോക്ക് ഉണ്ടെങ്കിലും മൊത്തത്തിലുള്ള സിനിമാ അനുഭവം നല്ലത് തന്നെ.

പൃഥ്വിരാജിന്റെ ഹോളിവുഡ് തനിമ ചേർന്ന സിനിമകളുടെ പട്ടികയിൽ പെടുത്താവുന്ന മറ്റൊരു സിനിമയാണ് 9. എന്നാൽ ഇത്തവണ അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജ്, വാമിക്ക ഗാബി, മാസ്റ്റർ അലോക്, മംത മോഹൻദാസ് തുടങ്ങിയ പ്രമുഖ താരനിര നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ചില സീനുകളിൽ നാടകീയത തോന്നുമെങ്കിലും ക്രൂശിക്കപ്പെടേണ്ട തരത്തിൽ അത് എത്തിയില്ല. മറുനാട്ടുകാരിയായ വാമിക്ക മലയാളത്തിൽ തന്മയത്തോടെയുള്ള പ്രകടനമാണ് നടത്തിയത്.

9-malayalam-movie

അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം അത്യുഗ്രൻ. ഉദ്വേഗം നിറക്കേണ്ട രംഗങ്ങളായാലും മനോഹാരിത തുളുമ്പി നിൽക്കുന്ന രംഗങ്ങളായാലും ഗംഭീരം.


ശേഖർ മേനോന്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. ചില രംഗങ്ങൾ മികവുറ്റതാകാൻ പശ്ചാത്തല സംഗീതം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

വിഎഫ്എക്സ് നല്ല നിലവാരം പുലർത്തി. നിയന്ത്രിത ബഡ്ജറ്റിൽ എടുത്ത സിനിമയാണെന്നിരിക്കെ ഇത് പ്രശംസ അർഹിക്കുന്നു.


തന്റെ ആദ്യ സിനിമയായ 100 ഡേയ്സ് ഒഫ് ലവിൽ വന്ന പാളിച്ചകൾ ഒട്ടുമിക്കതും പഠിച്ച് അതെല്ലാം പരിഹരിക്കുന്നതിൽ ജെനുസ് മൊഹമ്മദ് നല്ല രീതിയിൽ വിജയം കണ്ടു എന്ന് പറയാം. 9 ൽ ഉദ്വേഗം ജനിപ്പിച്ച അദ്ദേഹത്തിൻ്റെ സംവിധാന മികവ് പ്രശംസനീയമാണ്. കുറച്ച് ഒന്ന് താഴോട്ട് പോയ സിനിമയെ അവസാന തിരികെ കൊണ്ടു വന്നത് ജെനുസിൻ്റെ മികവ് തന്നെ. അപൂർവ്വമായ ഒരു കഥ നല്ല രീതിയിൽ അവതരിപ്പിച്ച ജെനുസ് സിനിമയുടെ തിക്കഥാകൃത്ത് കൂടിയാണ്. സിനിമയുടെ മെയിൻ മാൻ എന്ന രീതിയിൽ മികച്ച പ്രകടനം.

ഇന്ത്യൻ സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത് കഥയാണ് 9 എന്ന സിനിമയുടെ ഏറ്റവും വലിയ വിപണനായുധം. വ്യത്യസ്ഥത ആഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ടത് തന്നെ.

വാൽക്കഷണം: കൺഫ്യൂഷൻ തീർക്കണമേ....!
റേറ്റിംഗ്: 3.5/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS