മദ്ധ്യപ്രദേശ് പോരാട്ടം, നിലനിറുത്താൻ ബി.ജെ.പി, പിടിച്ചെടുക്കാൻ കോൺഗ്രസ്

അനിൽ വി. ആനന്ദ് | Wednesday 10 October 2018 5:07 PM IST
-assembly-election

ന്യൂഡൽഹി: ഭരണവിരുദ്ധ വികാരവും കർഷക പ്രക്ഷോഭവും ശക്തമായ മദ്ധ്യപ്രദേശിൽ ഭരണം നിലനിറുത്തുകയെന്നതാണ് ബി.ജെ.പിനേരിടുന്ന വെല്ലുവിളി. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ബി.ജെ.പിയുടെ നായകൻ. അതേസമയം, ഭരണവിരുദ്ധവികാരം മുതലെടുക്കേണ്ട കോൺഗ്രസിന് പാരയാവുക നേതാക്കൾ തമ്മിലുള്ള ഭിന്നതയാണ്. ബി.എസ്.പി ഒറ്റയ്‌ക്ക് മത്സരിക്കുന്നതും തിരിച്ചടിയാണ്. നവംബർ 28നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.


കർഷക പ്രതിഷേധവും വ്യാപം ഉൾപ്പടെയുള്ള അഴിമതി ആരോപണവും2017 ജൂൺ ആറിന് മന്ദ്‌സോറിലുണ്ടായ പൊലീസ് വെടിവയ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടതും എസ്.സി എസ്.ടി നിയമത്തെച്ചൊല്ലി പിന്നാക്ക, മുന്നാക്ക വിഭാഗങ്ങൾ ഒരുപോലെ സർക്കാരുമായി ഏറ്റുമുട്ടുന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാണ്. എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമഭേദഗതിയിൽ അതൃപ്തരായ സപക്‌സ് കൂട്ടായ്മ എല്ലാ സീറ്റിലും മത്സരിക്കുന്നതും പാർട്ടിയെ ആശങ്കപ്പെടുത്തുന്നു. ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജയ്‌സ് സംഘടന മത്സരരംഗത്തുള്ളത് കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ തിരിച്ചടിയാണ്.

ഹി​ന്ദു​ത്വ​ ​കാ​ർ​ഡി​റ​ക്കി​ ​കോ​ൺ​ഗ്ര​സും

മൃദുഹിന്ദുത്വ പരീക്ഷണമാണ് മദ്ധ്യപ്രദേശിലും കോൺഗ്രസ് കരുതിവച്ചിരിക്കുന്നത്. പാർട്ടി അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ ശിവഭക്തനായി ചിത്രീകരിച്ചുള്ള പ്രചാരണം വരെയുണ്ട്. തീർത്ഥാടന ടൂറിസം പദ്ധതിയായ 'രാം വൻഗമൻ പാത'പ്രഖ്യാപനമാണ് കോൺഗ്രസിന്റെ മറ്റൊരു തിരഞ്ഞെടുപ്പ് ചീട്ട്. ബി.ജെ.പിയുടെ പശുമന്ത്രാലയത്തിന് പകരമായി സംസ്ഥാനത്തെ 23,000 ഗ്രാമപഞ്ചായത്തിലും ഗോശാല നിർമ്മിക്കുമെന്നും വാഗ്ദാനമുണ്ട്.

ചൗ​ഹാ​നെ​ ​നേ​രി​ടാ​ൻ​ ​മൂ​ന്നു​പേർ

പത്തുവർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് 2003ൽ ഉമാഭാരതിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്. 2005ൽ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി. 2008ലും 2013ലും ചൗഹാൻ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു. എന്നാൽ ഇക്കുറി ചൗഹാനെ നേരിടാൻ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥ്, യുവ മുഖം ജ്യോതിരാദിത്യ സിന്ധ്യ, മുൻമുഖ്യമന്ത്രി ദിഗ്വിജയ്‌സിംഗ് എന്നിവരെയാണ് കോൺഗ്രസ് പ്രചാരണ രംഗത്തിറക്കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA