ദേവസ്വം കമ്മീഷണറുടെ കാലാവധി പൂർത്തിയായി; അഡി.സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകും

Friday 15 March 2019 12:00 AM IST

തിരുവനന്തപുരം: രണ്ട് തവണ തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മിഷണർ പദവി വഹിച്ച എൻ.വാസു കാലാവധി അവസാനിച്ചതോടെ ഇന്നലെ ദേവസ്വം ആസ്ഥാനത്ത് നിന്ന് പടിയിറങ്ങി. അദ്ദേഹത്തിന് കാലാവധി നീട്ടിനൽകാൻ പാടില്ലെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം വകുപ്പ് അഡിഷണൽ സെക്രട്ടറി ഹർഷൻനാവും കമ്മീഷണറുടെ പകരം ചുമതല നൽകുക.അദ്ദേഹം ഇന്ന് ചുമതലയേൽക്കും. പുതിയ കമ്മീഷണറെ നിയമിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വിജിലൻസ് ട്രൈബ്യൂണലായിരുന്ന എൻ. വാസു വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2010 ലാണ് ആദ്യമായി ദേവസ്വം കമ്മീഷണറാവുന്നത്.പിന്നീട് യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും 2013 വരെ തത്‌സ്ഥാനത്ത് തുടർന്നു.

വീണ്ടും 2018 ഫെബ്രുവരി ഒന്നിന് ഹൈക്കോടതിയാണ് കമ്മിഷണറായി നിയമിച്ചത്. 2019 ജനുവരി 31 അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതാണെങ്കിലും ആറ് ആഴ്ച കൂടി നീട്ടിനൽകി. യോഗ്യതയും പരിചയസമ്പത്തുമുള്ള ആളെ കണ്ടെത്തുംവരെ വാസുവിനെ കമ്മിഷണർ പദവിയിൽ തുടരാൻ അനുവദിക്കണമെന്ന് സർക്കാർ കോടതിയിൽ അപേക്ഷിച്ചിരുന്നു. ഇത്ര ദിവസമായിട്ടും കമ്മിഷണർ പദവിയിലേക്ക് നിയമനം നടത്താനുള്ള പാനൽ സർക്കാർ തയ്യാറാക്കിയില്ല. ഇപ്പോൾ കോടതി സർക്കാരിനെ വിമർശിച്ചതും ഇക്കാര്യത്തിലാണ്.

ബോർഡ് - കമ്മിഷണർ ശീതസമരം

നിലവിലെ ദേവസ്വംബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിൽ തുടക്കം മുതലേ ചേർച്ചയിലായിരുന്നില്ല.ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് ഭിന്നത രൂക്ഷമായത്.വിധി നടപ്പാക്കുന്ന കാര്യത്തിൽ കമ്മീഷണറുടെ അഭിപ്രായം വേണ്ടത്ര മാനിക്കപ്പെട്ടില്ലെന്ന വികാരം അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായും അറിയുന്നു.

കമ്മീഷണറുടെ കാലാവധി നീട്ടിനൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ കമ്മീഷണറെ നിയമിക്കാനുള്ള നടപടികളിലേക്ക് കടക്കാനാവില്ല. ദേവസ്വം വകുപ്പ് അഡിഷണൽ സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകും.

#കടകംപള്ളിസുരേന്ദ്രൻ (ദേവസ്വം വകുപ്പ് മന്ത്രി)

കോടതിയും സർക്കാരും തീരുമാനിക്കണം

കമ്മിഷണറുടെ കാലാവധി സംബന്ധിച്ച കാര്യം കോടതി പരിഗണനയിലാണ്. ദേവസ്വംബോർഡിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല.

#എ.പത്മകുമാർ(ദേവസ്വംബോർഡ് പ്രസിഡന്റ്)

കമ്മീഷണറായി തുടരാൻ താത്പര്യമില്ല

കാലാവധി സംബന്ധിച്ച കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയാണ്. വ്യക്തിപരമായി കമ്മിഷണർ പദവിയിൽ തുടരാൻ തനിക്ക് താത്പര്യമില്ല. ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ ചിട്ടവരുത്താനായി.

# എൻ.വാസു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA