കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് സി.ബി.ഐ കുറ്റപത്രം: കോടിയേരി

Monday 11 February 2019 5:34 PM IST
cpim

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എൽ.എയ്ക്കുമെതിരെ മുസ്ലീംലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സി.ബി.ഐ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയാണ് പി.ജയരാജനേയും ടി.വി രാജേഷിനേയും കള്ളക്കേസിൽ കുടുക്കി പ്രതികളാക്കിയത്. 2012ൽ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 73 സാക്ഷി പട്ടികയടക്കം 33 പ്രതികൾ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കൽ പൊലീസ് സമർപ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്.

ലോക്കൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഒരിടത്തും പി.ജയരാജനും, ടി.വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നും വ്യക്തമാകുന്നത് സിപി.എമ്മിനെ വേട്ടയാടാൻ സി.ബി.ഐയെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA