പ്രവാസി സംഘടനയും സ‌ർക്കാരും കെെത്താങ്ങായി,​ സുഗതന്റെ സ്വപ്‌നം യാഥാർത്ഥ്യമായി

Saturday 09 February 2019 10:27 PM IST
sugathan

കൊല്ലം: ഏറെ വിവാദങ്ങൾക്ക് വഴിവച്ച രാഷ്ട്രീയ സമ്മർദം മൂലം ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ സ്വപ്‌നം മരണശേഷം യാഥാർത്ഥ്യമായി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സുഗതന്റെ ഭാര്യയും ചേർന്നാണ് വർക് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. പ്രവാസി സംഘടനകളുടെ സഹായവും സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തനത്തെയും തുടർന്നാണ് വർക്ക് ഷോപ്പ് പൂ‌ർത്തീകരിക്കാൻ കഴിഞ്ഞത്. സി.പി.ഐയും എ.ഐ.വൈ.എഫും കൊടികുത്തി വർക്ക് ഷോപ്പിന്റെ നിർമ്മാണം തടഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് കഴിഞ്ഞ ഫെബ്രുവരിയാലാണ് സുഗതൻ ആത്മഹത്യ ചെയ്തത്.

ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിലാണ് വർക്ക് ഷോപ്പ് ഉള്ളതെന്ന് ആരോപിച്ചാണ് എ.ഐ.വൈ.എഫ് കൊടികുത്തി നിർമ്മാണം തടഞ്ഞിരുന്നത്. എന്നാൽ സുഗതന്റെ ആത്മഹത്യയോടെ സി.പി.എെയും എ.ഐ.വൈ.എഫും വെട്ടിലായി. ഇവർക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായി. പീന്നീട് മുഖ്യമന്ത്രി ഇടപെട്ട് സുഗതന്റെ കുടുംബത്തിന് സർക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹയാവും നൽകുമെന്ന് ഉറപ്പ് നൽകി.

വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് സി.പി.എം. ഇടപെട്ട് പരിഹരിക്കുകയായിരുന്നു. സുഗതന്റെ മക്കളായ സുജിത്തും സുനിലും ചേർന്ന് നടത്തുന്ന വർക്ക് ഷോപ്പിന് പ്രവാസികളുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചു. പത്ത് ലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിച്ച വർക്ക് ഷോപ്പിന് പ്രവാസി സംഘടനയായ ഗ്ലോബൽ മലയാളി അസോസിയേഷൻ അഞ്ച് ലക്ഷം രൂപയാണ് നൽകിയത്.

നിരവധി തടസങ്ങളെ അതിജീവിച്ചാണ് സുഗതന്റെ സ്വപ്നം സഫലമാകുന്നത്. നിർമ്മാണ ഘട്ടത്തിൽ സി.പി.എെ ശക്തമായി എതിർത്തിരുന്നു. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ പഞ്ചായത്തിരാജ് നിയമങ്ങളും മറികടന്ന് മാനുഷിക പരിഗണന വച്ചാണ് വർക് ഷോപ്പിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ലൈസൻസിന് വേണ്ടിയുള്ള നടപടികൾ പെട്ടെന്ന് തന്നെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD