ഇഷ്‌ട ചാനലുകൾ തിരഞ്ഞെടുക്കാൻ മാർച്ച് 31വരെ സമയം

Wednesday 13 February 2019 12:01 AM IST
tv-channels

ന്യൂഡൽഹി: പ്രേക്ഷകർക്ക് കേബിൾ ടിവിയിലും ഡി.ടി.എച്ചിലും ഇഷ്‌ടമുള്ള ചാനലുകളും യോജിച്ച പ്ളാനും തിരഞ്ഞെടുക്കാൻ മാർച്ച് 31വരെ സമയം നീട്ടി ടെലികോം റെഗുലേറ്ററി അതോറിട്ടി ഉത്തരവിറക്കി. സമയം പല തവണ നീട്ടി നൽകിയെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ആശയക്കുഴപ്പം മൂലം പുതിയ സംവിധാനത്തിലേക്ക് വന്നില്ലെന്ന് ട്രായ് വിലയിരുത്തി. രാജ്യത്തെ 65 ശതമാനം കേബിൾ ടിവി പ്രേക്ഷകരും 35 ശതമാനം ഡി.ടി.എച്ച് പ്രേക്ഷകരും ഇഷ്ടമുള്ള ചാനലുകളും പ്ളാനുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്ക് അജ്ഞതയും ആശയക്കുഴപ്പവും മൂലം ചാനലുകൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. ഒാപ്പറേറ്റർമാരും അവരെ സഹായിച്ചില്ല. വെബ്‌സെറ്റ് വഴി ചാനലുകൾ തിരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് സെയിൽ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.

ഒാപ്‌ഷൻ നൽകാത്ത പ്രേക്ഷകരുടെ പേ ചാനലുകൾ നിറുത്തലാക്കിയെന്ന പരാതിയും ട്രായിക്ക് ലഭിച്ചു. പ്രേക്ഷകർക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാതെ പുതിയ ഉത്തരവ് നടപ്പാക്കാനും യോജിച്ച പ്ളാനുകൾ തയ്യാറാക്കാനും ഒാപ്പറേറ്റർമാർക്ക് ട്രായ് നിർദ്ദേശം നൽകി. താരിഫ് നിരക്ക് നിലവിലെ പ്ളാനിനെക്കാൾ കൂടാൻ പാടില്ല. പ്രേക്ഷകന് ആയാസരഹിതമായി ചാനലുകൾ തിരഞ്ഞെടുക്കാനാവണം. കോൾ സെന്റർ, മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി സഹായം ലഭ്യമാക്കണം. നീണ്ടകാല വരിക്കാർക്ക് പുതിയ പ്ളാനിൽ പണം നഷ്‌ടമാകരുത്. ബാക്കിയുള്ള പണം ഭാവിയിലേക്കുള്ള ഉപയോഗത്തിലേക്ക് നീക്കി വയ്‌ക്കണമെന്നും ട്രായ് സെക്രട്ടറി എസ്.കെ.ഗുപ്‌തയുടെ ഉത്തരവിൽ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA