ചർമ്മം കണ്ടാൽ പ്രായം തോന്നുന്നുണ്ടോ? മുപ്പതിന്റെ ചെറുപ്പത്തിന് ഈ ശീലങ്ങൾ സ്വന്തമാക്കൂ

Friday 08 February 2019 12:32 PM IST

beauty-tips

ചർമ്മം കണ്ടാൽ പ്രായം തോന്നുന്നുണ്ടോ? മുപ്പതിന്റെ ചെറുപ്പത്തിന് ശീലങ്ങൾ സ്വന്തമാക്കൂ

അഴകും ആരോഗ്യവുമുള്ളചർമ്മം ആരാണ് മോഹിക്കാത്തത്. ആരോഗ്യമുണ്ടെങ്കിൽ ചർമ്മത്തിന് അഴകും താനേ വരുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. സുന്ദരിയായിരിക്കുക എന്നു പറഞ്ഞാൽ ആരോഗ്യത്തോടെയിരിക്കുക എന്നു തന്നെയാണ് അർത്ഥം. പക്ഷേ ചർമ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും ചിലതെല്ലാം ശ്രദ്ധിക്കണമെന്നു മാത്രം.

മറക്കാതെ സൂക്ഷിക്കാം
ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്‌ക്രീൻ. ഇവ മൂന്നും നിങ്ങളുടെ ബ്യൂട്ടി കിറ്റിൽ ഉണ്ടോ.... എങ്കിൽ ചർമ്മസംരക്ഷണത്തിന് മറ്റൊന്നും വേണ്ട തന്നെ. മോയിസ്ചറൈസർ ഉപയോഗിക്കുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യാൻ ശ്രദ്ധിക്കണം. മുഖം കഴുകുമ്പോഴോ, ക്‌ളെൻസർ ഉപയോഗിക്കുമ്പോഴേ ഇങ്ങനെ തന്നെ ചെയ്യാൻ മറക്കരുത്. ഇത് മുഖത്തെ രക്തയോട്ടം വർധിപ്പിച്ച് മുഖചർമ്മത്തിന് തിളക്കവും മൃദുത്വവും പ്രദാനം ചെയ്യും.

ഡയറ്റ് ശീലിക്കാം
ആരോഗ്യകരമായ ചർമ്മത്തിന് ആരോഗ്യകരമായ ഒരു ഡയറ്റ് ശീലിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല അതിനർത്ഥം നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കണമെന്നുമല്ല. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മൂന്നേ മൂന്ന് മാറ്റങ്ങൾ വരുത്തിയാൽ മതിയാകും, സുന്ദരമായ തിളങ്ങുന്ന ചർമ്മം അതോടെ സ്വന്തമാക്കാം.

മധുരം വേണ്ട
അമിതമായി മധുരം അകത്താക്കുന്നവരാണോ നിങ്ങൾ, എങ്കിൽ അത് ഇന്നത്തോടെ അവസാനിപ്പിക്കാം. മധുരം കഴിക്കുന്നത് ചർമ്മത്തിൽ പ്രായമാകുന്നത് മൂലമുണ്ടാകുന്ന അടയാളങ്ങൾ, മുഖക്കുരു എന്നിവ ഉണ്ടാക്കാൻ ഇടയാക്കും.

ചുവന്ന പഴങ്ങളും പച്ചക്കറികളും
കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ചെറി, സ്ട്രോബെറി തുടങ്ങിയ ചുവന്ന നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്താം. ഇവ ചർമ്മത്തിന് നിറവും മൃദുത്വവും സമ്മാനിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഇവ ചർമ്മത്തിന് ഏറ്റവും ഗുണകരമാണ്. ഒമേഗ ത്രീ സപ്ലിമെന്റ് അടങ്ങിയവയും ഭക്ഷണത്തിലുൾപ്പെടുത്താം. ഇവയിൽ ചർമ്മത്തെ ഈർപ്പത്തോടെയിരിക്കാൻ സഹായിക്കുന്ന ഘടകങ്ങളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സ്നാക്സിൽ ബദാമും ഉൾപ്പെടുത്താം. ഒമേഗ ത്രീ ഫാറ്റി ആസിഡും വിറ്റാമിൻ ഇയും അടങ്ങിയ ഇവ സുന്ദരമായ, ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യും.

വ്യായാമം നല്ലത്
വ്യായാമം ശരീരത്തിലെ കലോറി കത്തിച്ചുകളയുക മാത്രമല്ല ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ചർമ്മത്തിന് ലഭിക്കാനും സഹായിക്കും. ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജിമ്മിൽ തന്നെ പോകണമെന്നില്ല, ഡാൻസ് ക്ലാസോ, ടെന്നീസോ എന്തിന് ഒരു നടത്തം പോലും മതിയായ വ്യായാമം നൽകും.

ചില സൗന്ദര്യവഴികൾ

ധാരാളം വെള്ളം കുടിക്കുക
ഓരോ ഭക്ഷണത്തിനു മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മം മിനുസവും ഈർപ്പത്തോടെയിരിക്കാനും സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളം എന്ന മന്ത്രം മറക്കാതെയിരിക്കുക. ഒരു ഗ്ലാസ് റെഡ് വൈൻ കഴിക്കുന്നതും ത്വക്കിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ റെഡ് വൈൻ ഫ്രീ റാഡിക്കലിനെതിരെ പൊരുതി ചർമ്മത്തെ ആരോഗ്യമുള്ളതാക്കും. ഒരു ഗ്ലാസ് വൈൻ എന്നത് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ വൈനിനു പകരം ഒരു ഗ്ലാസ് ഗ്രീൻ ടീയോ, കരിക്കിൻ വെള്ളമോ കുടിക്കാം. ഗ്രീൻ ടീയീൽ പ്രായമാകുന്നതിനെ ചെറുക്കുന്നതിനുള്ള ഘടകങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനെന്നതുപോലെ വയറിനും ഉത്തമാണ് ഇവ രണ്ടും.

ഉറക്കം
ഉറക്കം പോലെ മറ്റൊരു മികച്ച സൗന്ദര്യചികിത്സ ഇല്ല. പാടുകളും കുരുക്കളും ഒഴിവായി മുഖചർമ്മം സുന്ദരമാകാൻ എട്ട് മണിക്കൂർ ഉറങ്ങുക തന്നെ വേണം. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം. ഉറങ്ങാൻ നേരത്ത് ഏതെങ്കിലുമൊരു നൈറ്റ് ക്രീം ഉപയോഗിക്കുന്നത് ഉണർന്നെണീക്കുമ്പോൾ റിഫ്രഷായിരിക്കാൻ സഹായിക്കും.

ടെൻഷനകറ്റാം
ചർമ്മത്തിന്റെ പ്രധാന ശത്രുവാണ് ടെൻഷനും മറ്റ് പ്രശ്നങ്ങളും. ടെൻഷൻ ഉണ്ടാകുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കുക. ആ സമയം ഒരു ബുക്ക് വായിക്കുകയോ, അടുത്ത സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുകയോ ചെയ്യാം. മനസ് സന്തോഷത്തോടെ ഇരിക്കുമ്പോൾ ചർമ്മവും മനോഹരമായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE