SignIn
Kerala Kaumudi Online
Wednesday, 22 July 2026 6.03 AM IST

പാലച്ചിറ കാറാത്തല ഏലായ്ക്ക് സമീപം കലുങ്ക് നിർമ്മാണം ബസിനും നോ എൻട്രി

karathala-kalingu

പ്രദേശവാസികൾ ദുരിതത്തിൽ

വർക്കല: കാറാത്തല - തെറ്റിക്കുളം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ.കലുങ്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ഇതുവഴിയുള്ള ഗതാഗതം നിറുത്തി വച്ചത്.എന്നാൽ ഇതുവരെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കാറാത്തല ഏലയ്ക്കരികിലെ മരാമത്ത് റോഡിലെ കലുങ്ക് പൊളിച്ചാണ് നവീകരണം ആരംഭിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപാണ് റോഡ് അപകടാവസ്ഥയിലെന്ന കാരണത്താൽ കലുങ്ക് പൊളിക്കാൻ തുടങ്ങിയത്.ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു.

ബസ് സർവീസുകൾ നിലച്ചതോടെ കാറാത്തല,അച്ചുമ്മാമുക്ക് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഓട്ടോറിക്ഷയിൽ വേണം വടശ്ശേരിക്കോണം,പാലച്ചിറ,ചെറുന്നിയൂർ,പേരേറ്റിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ.അച്ചുമ്മമുക്കിലെ ഇന്റർനാഷണൽ സ്കൂളിലെയും കോളേജിലെയും പേരേറ്റിലെ സി.ബി.എസ്.ഇ സ്കൂളിലെയും വിദ്യാർത്ഥികളും സ്കൂൾ ബസുകൾ ഇതുവഴി എത്താത്തതിനാൽ ദുരിതത്തിലാണ്.എത്രയും വേഗം കലുങ്ക് നവീകരണം പൂർത്തിയാക്കി,ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഴക്കം ചെന്ന കലുങ്ക്

നാൽപ്പത് വർഷം പഴക്കമുള്ള കലുങ്കിന്റെ പാർശ്വഭിത്തികൾ തകർന്നതോടെ റോഡും അപകടാവ സ്ഥയിലായിരുന്നു.റോഡിന്റെ വീതിക്കുറവും കണക്കാക്കിയാണ് കലുങ്ക് നിർമ്മാണം അടിയന്തരമായി ആരംഭിച്ചത്.നിലവിൽ ടാറിട്ട റോഡ് നെടുകെ പൊളിച്ച് കലുങ്കിനുള്ള കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് നിറുത്തിയിട്ടുണ്ട്.

ചെറുന്നിയൂർ കാറാത്തല ഭാഗത്ത് നിന്ന് തെറ്റിക്കുളം വഴി ആറ്റിങ്ങൽ ഉൾപ്പെടെ പോകാനുള്ള റോഡിലെ കലുങ്കാണ് പൊളിച്ചത്

റോഡ് മുഴുവനായി പൊളിച്ചതിനാൽ തെറ്റിക്കുളം ഭാഗത്ത് നിന്നുള്ളവർക്ക് കാറാത്തല ചന്തയിൽ പോകാൻ പോലും കഴിയുന്നില്ല

പൊളിച്ച റോഡിന് കുറുകെ നടവഴി പോലുമില്ലെന്ന് നാട്ടുകാർ

മേഖലയിൽ നിർമ്മാണ സാധനങ്ങൾ പലയിടങ്ങളിലായി വാരി വലിച്ചിട്ട നിലയിൽ

20ലധികം സ്‌കൂൾ ബസുകളും റൂട്ട് മാറിയാണിപ്പോൾ ഓടുന്നത്

നേരെത്തെ ഒരു കെ.എസ്.ആർ.ടി.സി ഓർഡിനറി ബസും,ഒരു സ്വകാര്യ സർവീസ് ബസും ഇതുവഴി സർവീസ് നടത്തിയിരുന്നു

ആറ്റിങ്ങൽ നിന്ന് തെറ്റിക്കുളം,കാറാത്തല,പാലച്ചിറ വഴി വർക്കലയിലേക്കായിരുന്നു സ്വകാര്യ ബസ് സ‌ർവീസുകൾ

തെറ്റിക്കുളം - കാറാത്തല റോഡിലെ കലുങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കി ബസ് സർവീസ് പുനഃരാരംഭിക്കാൻ നടപടി സ്വീകരിക്കണം.

എം.ഷാനിഫ,യാത്രക്കാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ