SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

സർക്കാരിന്റെ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു; സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പ്  അടിയന്തരമായി വയനാട്ടിലെത്തും

READ ENGLISH VERSION
pinarayi-vijayan

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സന്നാഹങ്ങളും വയനാട്ടിലെത്തിക്കും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് അടിയന്തരമായി വയനാട്ടിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാംഗ്ലൂരുവിൽ നിന്നാണ് എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള, കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പൊലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തെരച്ചിൽ നടത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസിലെത്തിയിരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐ ജിയും കണ്ണൂർ ഡി ഐ ജിയും ഉടൻ വയനാട്ടിലേക്ക് എത്തും.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമ സമാധാനവിഭാഗം എ ഡി ജി പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്‌പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലേയ്ക്ക് തിരിച്ചുകഴിഞ്ഞെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ആ സമയത്ത് തന്നെ ദുരിത ബാധിത പ്രദേശത്തെ തെരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE, WAYANAD TRAGEDY, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA