SignIn
Kerala Kaumudi Online
Saturday, 13 June 2026 4.16 AM IST

വന്ദേഭാരതും കെ-റെയിലും ഒരേ ട്രാക്കില്‍ ഓടിക്കണം; സില്‍വര്‍ലെയിനില്‍ നിബന്ധനകളുമായി കേന്ദ്രം

READ ENGLISH VERSION
k-rail

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സില്‍വര്‍ലെയിന്‍ റെയില്‍ കോറിഡോര്‍. അലൈന്‍മെന്റ്, ഡിപിആറിലെ പോരായ്മ, കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിയവ ഒരുമിച്ചതിന് പിന്നാലെ കേന്ദ്രം അനുമതി നല്‍കാന്‍ വിസമ്മതിക്കുകയും കൂടി ചെയ്തപ്പോള്‍ പദ്ധതി സ്വപ്‌നമായി അവശേഷിച്ചു. എന്നാല്‍ ഇപ്പോഴിതാ കെ-റെയില്‍ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ് പുതിയ ഡിപിആര്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രഖ്യാപനത്തിലൂടെ.

കെ-റെയില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേന്ദ്രത്തിന് ചില നിബന്ധനകളുണ്ട്. ഗേജ് മാറ്റം, അലൈന്‍മെന്റ് മാറ്റം എന്നിവ ഉള്‍പ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിബന്ധനകള്‍. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള റെയില്‍വേ ബോര്‍ഡിന്റെ കത്ത് ദക്ഷിണ റെയില്‍വേക്കും കേരള സര്‍ക്കാരിനും വൈകാതെ കൈമാറുമെന്നാണ് വിവരം. എന്നാല്‍ കേന്ദ്രം പറയുന്ന രീതിയില്‍ മാറ്റം വരുമ്പോള്‍ പദ്ധതി ചിലവ് വര്‍ദ്ധിക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി.

കേന്ദ്രത്തിന്റെ നിബന്ധനകള്‍ ഇങ്ങനെ

കെ-റെയിലിനായി നിര്‍മിക്കുന്ന പാതയില്‍ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനും ഓടിക്കാന്‍ കഴിയണമെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന നിബന്ധന. റെയില്‍വേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകള്‍ക്കു ഭൂമി മാറ്റിയശേഷം, സില്‍വര്‍ലെയിനിന് ഭൂമി നല്‍കുന്നത് പരിഗണിക്കും. നിലവിലുള്ള റെയില്‍പാതയുടെ ഒരുവശത്തു മാത്രമായി സില്‍വര്‍ലെയിന്‍ ട്രാക്കുകള്‍ വരുന്ന തരത്തില്‍ അലൈന്‍മെന്റ് ക്രമീകരിക്കണം. നിലവിലുള്ള പാതയുമായി സില്‍വര്‍ലെയിനിന് നിശ്ചിത കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇന്റര്‍ചേഞ്ച് സൗകര്യം. സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ നിന്ന് ബ്രോഡ് ഗേജായി പരിഷ്‌കരിക്കുകയും വേണം.

വന്ദേഭാരതിന് വേഗത കൂടും

സില്‍വര്‍ലെയിന്‍ പാതയില്‍ ഓടുകയാണെങ്കില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് വേഗത കൂടും. 200 കിലോമീറ്റര്‍ വേഗതയിലോടാന്‍ കഴിയുന്ന ട്രാക്ക് ലഭിച്ചാല്‍ വന്ദേഭാരതിന് മൂന്നര മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം കാസര്‍ഗോഡ് ദൂരം ഓടിയെത്താന്‍ കഴിയും. കൂടുതല്‍ വന്ദേഭാരത് എന്ന ആവശ്യം കേരളത്തിനുണ്ടെങ്കിലും നിലവിലെ ട്രാക്ക് സൗകര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത് പ്രായോഗികമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA