ആലപ്പുഴ: വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭൂരിപക്ഷത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കാനില്ല, ഏതുപാർട്ടിയുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ന് മനസിലാകും, കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകൾ പോൾ ചെയ്തെന്നും വേണുഗോപാൽ പ്രതികരിച്ചു.
ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന വിലയിരുത്തലിൽ നിന്നും പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷത്തെ പോളിംഗ് ശതമാനം ഒരു കാരണവശാലും ബാധിക്കില്ല. നല്ല ഭൂരിപക്ഷത്തോടെ പ്രിയങ്കാ ഗാന്ധി വിജയിക്കും. ആരുടെ വോട്ടാണ് കുറഞ്ഞതെന്ന് 23ാം തീയതി വ്യക്തമായിട്ട് മനസിലാകും. ഏതു പാർട്ടിക്കാരോടാണ് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് വിമുഖത എന്ന് അന്ന് അറിയാൻ സാധിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലോക് സഭാ മണ്ഡലത്തിലും പോരാട്ടം കനത്ത ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 64.72 ശതമാനമാണ് വയനാട്ടിലെ പോളിംഗ്. കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു. കുറഞ്ഞത് 8.2 ശതമാനം. 2019ൽ 80.33 ശതമാനമായിരുന്നു. ചേലക്കരയിൽ 72.77 ശതമാനമാണ് പോളിംഗ്. 2021ലെ തിരഞ്ഞെടുപ്പിൽ നിന്ന് നാലര ശതമാനത്തോളം കുറഞ്ഞു. അന്ന് 77.40 ശതമാനം ആയിരുന്നു.
പോളിംഗ് കുറഞ്ഞത് വിജയത്തെ എങ്ങനെ ബാധിക്കുമെന്ന അങ്കലാപ്പിലാണ് മുന്നണികൾ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിന് ഇറങ്ങിയത് പോളിംഗ് വർദ്ധിപ്പിക്കുമെന്നാണ് മാദ്ധ്യമങ്ങൾ അടക്കം കണക്കുകൂട്ടിയത്.വോട്ട് ചെയ്യാൻ എത്തിയവരിൽ ചെറുപ്പക്കാർ കുറവായിരുന്നു. രാഹുൽ ഗാന്ധിയെയും മറികടന്ന്, പ്രിയങ്ക അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം മന്ദഗതിയിലായിരുന്നു. ചേലക്കരയിൽ രാവിലെ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. ഉച്ച കഴിഞ്ഞതോടെ മന്ദഗതിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |