SignIn
Kerala Kaumudi Online
Friday, 12 June 2026 9.33 PM IST

3,600 കോടിയുടെ പാലക്കാട് സ്മാർട് സിറ്റി നിർമ്മാണം ഉടൻ

തിരുവനന്തപുരം: കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡും (ഡി.ബി.എൽ) പി.എസ്.പി പ്രോജക്റ്റ്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. അടിസ്ഥാന വികസനത്തിനായി ജി.എസ്.ടി ഉൾപ്പടെ 1316.13 കോടിയ്ക്കാണ് കരാർ. നിർമ്മാണം ഉടൻ ആരംഭിക്കും. സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യപങ്കാളിത്തമുള്ള പദ്ധതിയുടെ മുഴുവൻ ചെലവ് 3,600 കോടിയോളമാണ്.

കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിച്ച 12 വ്യാവസായിക ഇടനാഴി സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം.

ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. കിൻഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറും. ഡിസംബറിൽ 110 ഏക്കറും മാർച്ചിൽ 220 ഏക്കറും കൈമാറിയപ്പോൾ കേന്ദ്രം 313.5 കോടി കൈമാറിയിരുന്നു.

ചെന്നൈ -ബംഗളുരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി ബംഗളൂരു ഇടനാഴി നിർമിക്കാൻ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. 2022 ജൂലായിൽ സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂർത്തിയാക്കി. ജൂണിൽ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് സംസ്ഥാനം പൂർത്തിയാക്കിയ നടപടികൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

കേരളത്തിനായി കിൻഫ്ര

കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ഐ.സി.ഡി.സി) ആണ് വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

# റോഡുകൾ, ഡ്രെയ്‌നേജുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗങ്ങൾ, ജലപുനരുപയോഗ സംവിധാനങ്ങൾ, സീവറേജ് ലൈനുകൾ, ഊർജ്ജവിതരണ സംവിധാനങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA