SignIn
Kerala Kaumudi Online
Sunday, 02 August 2026 1.43 PM IST

കെെയിൽ മുറിവും  പൊട്ടലും; ആശുപത്രിയിലെത്തിയ എട്ടുവയസുകാരിയുടെ വലതുകെെ മുറിച്ചുമാറ്റി, പരാതി

READ ENGLISH VERSION

child

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ടുവയസുകാരിയുടെ കെെ മുറിച്ചുമാറ്റിയതായി പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകെെ നഷ്ടമായത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് അമ്മ പ്രസീത മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കുട്ടിയുടെ വലതുകെെ മുറിച്ചുമാറ്റുകയായിരുന്നു.

സെപ്തംബർ 24ന് വെെകിട്ട് വീട്ടിൽ കളിക്കുന്നതിനിടെ വീണപ്പോഴാണ് വിനോദിനിക്ക് കെെയ്ക്ക് പരിക്കേറ്റത്. തുടർന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കെെയിൽ മുറിവും പൊട്ടലും ഉണ്ടായിരുന്നു. തുടർന്ന് മുറിവിൽ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ടെന്നാണ് കുടുംബം പറയുന്നത്.

കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്ടർമാർ പറഞ്ഞു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കെെയിൽ രക്തയോട്ടം നിലച്ചിരുന്നുവെന്നും കെെ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പ്രസീത പറഞ്ഞു. പിന്നീട് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

എന്നാൽ എട്ട് വയസുകാരിയുടെ കെെ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ജയശ്രീ മാദ്ധ്യമത്തോട് പറഞ്ഞു. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വെെകിയെന്നും അതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOPSITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA