SignIn
Kerala Kaumudi Online
Sunday, 14 June 2026 1.20 AM IST

മരിച്ചതിനുശേഷം നൂറ് കിലോമീറ്റർ അപ്പുറത്ത് കൊല്ലപ്പെട്ട യുവതിയായി പുനർജനനം; അമേരിക്കൻ ജേർണലിലെ ശിവയും സുമിത്രയും

sumitra-singh

മരണാനന്തര ജീവിതം, ആത്മാവ്, പുനർജനനം തുടങ്ങിയവ എല്ലാക്കാലത്തും ഒരു പ്രഹേളികയായി തുടരുന്ന ഒന്നാണ്. എന്നാൽ ഒരു ഗ്രാമത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യയിൽ അത്തരമൊരു സംഭവം നടന്നു. ഉത്തരേന്ത്യയിൽ ജനിച്ച സുമിത്ര സിംഗ് എന്നൊരു യുവതിയുടെ കഥയാണിത്. സുമിത്ര മരിക്കുകയും ദിവസങ്ങൾക്കുശേഷം പുനർജനിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം യുവതി പറഞ്ഞത് താൻ സുമിത്രയല്ലെന്നും നൂറ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ കൊല്ലപ്പെട്ട ശിവ ആണെന്നുമായിരുന്നു. യൂണിവേഴ്സിറ്റി ഒഫ് വിർജീനിയ സ്കൂൾ ഒഫ് മെഡിസിൻ പ്രസിദ്ധീകരിച്ച "എ കേസ് ഒഫ് ദി പൊസഷൻ ടൈപ്പ് ഇൻ ഇന്ത്യ വിത്ത് എവിഡൻസ് ഒഫ് പാരാനോർമൽ നോളജ്" എന്ന ജേണലിൽ ഈ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

1985ലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ശരീഫ്‌പുര സ്വദേശിയായിരുന്നു 17കാരിയായ സുമിത്ര. ഭർത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു സുമിത്ര കഴിഞ്ഞിരുന്നത്. ഇതിനിടെ ചില അവസരങ്ങളിൽ സുമിത്ര ബോധരഹിതയായി വീഴുമായിരുന്നു. കണ്ണുകൾ മേൽപ്പോട്ട് മറിയുകയും പല്ലുകൾ കടിക്കുകയും ചെയ്തിരുന്നു. ഇത്തരം അവസരങ്ങളിൽ സംസാരിക്കുകയും ചെയ്യുമായിരുന്നു. അക്കൊല്ലം ജൂലായിൽ മൂന്ന് ദിവസത്തിനുശേഷം താൻ മരിക്കുമെന്ന് സുമിത്ര വെളിപ്പെടുത്തി. ജൂലായ് 19ന് അവൾ മരണപ്പെട്ടതായി എല്ലാവർക്കും തോന്നുകയും ചെയ്തു. സുമിത്രയ്ക്ക് ഹൃദയമിടിപ്പോ ശ്വാസമോ ഉണ്ടായിരുന്നില്ല. മാത്രമല്ല മരണപ്പെട്ടയാളുടെ മുഖം പോലെ രക്തം വാർന്നുപോയ നിലയിലായിരുന്നു.

ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ സുമിത്ര പുനരുജ്ജീവിച്ചു. താൻ സുമിത്രയല്ലെന്നും ദിബിയാപൂർ ഗ്രാമവാസിയാണെന്നും ഭർതൃവീട്ടുകാരാൽ കൊല്ലപ്പെട്ട ശിവയാണെന്നുമാണ് അവർ അവകാശപ്പെട്ടത്. സുമിത്രയുടെ ഭർത്താവിനെയും കുഞ്ഞിനെയും സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. ശിവയുടെ മക്കളുടെയടുത്ത് പോകാനും അവർ ആഗ്രഹിച്ചു.

1985 മേയ് 18 അല്ലെങ്കിൽ 19ന് മരിച്ച ശിവ ദ്വിവേദി എന്ന യുവതിയുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന വിശദാംശങ്ങൾ അവർ നൽകാൻ തുടങ്ങി. ശിവയുടെ മരണകാരണം വ്യക്തമല്ലെങ്കിലും, ഭർതൃവീട്ടുകാർ അവരെ കൊലപ്പെടുത്തിയതാണെന്നും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നുമാണ് ശിവയുടെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. അവരുടെ പിതാവ് രാം സിയ ത്രിപാഠി മകളുടെ മരണത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ശിവയുടെ മാതാപിതാക്കൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ഇറ്റാവയിലെ പത്രങ്ങളിൽ നിയമനടപടികളുടെ റിപ്പോർട്ടുകൾ വന്നിരുന്നു.

രാം സിയ ത്രിപാഠി സുമിത്രയെ സന്ദർശിച്ചപ്പോൾ അവർ അദ്ദേഹത്തെ ഉടൻതന്നെ തിരിച്ചറിഞ്ഞുവെന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു. അവർ രാം ത്രിപാഠിയെ 'അച്ഛാ' എന്ന് വിളിച്ചു. ഇറ്റാവയിലേക്ക് കൊണ്ടുപോയപ്പോൾ, മറ്റ് കുടുംബാംഗങ്ങളെയും അവർ തിരിച്ചറിഞ്ഞു. മാത്രമല്ല, വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സുമിത്ര വിദ്യാസമ്പന്നയായ ഒരാളെപ്പോലെ പെരുമാറാൻ തുടങ്ങി. ശിവയുടെ അച്ഛൻ ഒരു ലക്ചററായിരുന്നു, ശിവ ബിഎ ബിരുദവും നേടിയിരുന്നു. സുമിത്രയുടെയും ശിവയുടെയും കഥ ഇന്നും ചുരുളഴിക്കാൻ കഴിയാത്ത ദുരൂഹതയായി തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUMITRA SINGH, REINCARNATION, REINCARNATION STORY FROM INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE