SignIn
Kerala Kaumudi Online
Sunday, 07 June 2026 12.11 AM IST

ഇറാന്‍ യുദ്ധം എന്താകും? പുറത്തുകടക്കാനാകാതെ ട്രംപ്, ലാഭം ഒരു രാജ്യത്തിന് മാത്രം

war

വാഷിംഗ്‌ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച യു എസ് - ഇസ്രയേല്‍ - ഇറാന്‍ യുദ്ധം ലോകക്രമമാകെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സംഘര്‍ഷം രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്നതിനേക്കാള്‍ ഭാവിയിലെ യുദ്ധങ്ങളുടെ പരീക്ഷണശാലയായി മാറിയതായും വിലയിരുത്തപ്പെടുന്നു. ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിക്കാനുള്ള കാരണമായി അവര്‍ ഉയര്‍ത്തിയ വാദം ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈല്‍ ശേഖരവും ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയാണ്. ഇസ്രയേലിനെ സംബന്ധിച്ച് ഇത് വളരെ പ്രസക്തവുമാണ്.

തങ്ങള്‍ ഇറാനെ ആക്രമിക്കുന്നത് നിലനില്‍പ്പിനുവേണ്ടിയാണെന്ന അവകാശവാദവും ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ ശത്രുവായി പ്രഖ്യാപിക്കുകയും പോരാടുകയും ചെയ്യുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ തീവ്രവാദി സംഘടനകള്‍ക്ക് ഇറാന്‍ പണവും ആയുധങ്ങളും നല്‍കുന്നു എന്നതാണ് ശത്രുതയ്‌ക്ക് മറ്റൊരു കാരണം.

ഇറാന്‍ വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതായും ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു. ഗള്‍ഫ് മേഖയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ പിന്തുണയുള്ള ഈ തീവ്രവാദി സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളും അമേരിക്കയെ പ്രകോപിപ്പിക്കുന്നുണ്ട്. മാത്രമല്ല, മതഭരണകൂടം അടിച്ചമര്‍ത്തി ഭരിക്കുന്ന ഇറാനിലെ ജനതയ്ക്ക് തങ്ങളുടെ വിധി സ്വന്തമായി നിശ്ചയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും യു എസ് - ഇസ്രയേല്‍ സഖ്യം അവകാശപ്പെടുന്നുണ്ട്.


തങ്ങള്‍ക്ക് അനുകൂലമായ ഒരു സര്‍ക്കാരിനെ ഇറാനിൽ അവരോധിക്കുകയാണ് ആത്യന്തികമായി അമേരിക്കയും ഇസ്രയേലും ലക്ഷ്യം വയ്ക്കുന്നത്. ഇറാന്‍ - ഇസ്രയേല്‍ - യു എസ് സംഘര്‍ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മേഖലയിലാകെ സൃഷ്ടിച്ചിരിക്കുന്നത്. ഗള്‍ഫിലെ എണ്ണ ഉല്പാദനത്തിലും ഷിപ്പിംഗ് റൂട്ടുകളിലും തടസമുണ്ടായതോടെ ആഗോള ഊര്‍ജ്ജവില ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.


ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം വഹിക്കുന്ന നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാന്‍ തടഞ്ഞതോടെയാണ് ക്രൂഡോയില്‍, എല്‍എന്‍ജി എന്നിവ ദുര്‍ലഭ്യമായതും വില ഉയര്‍ന്നതും. ഇന്ത്യയെ സംബന്ധിച്ച് രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ, പണപ്പെരുപ്പം, സാമ്പത്തിക സ്ഥിരത തുടങ്ങിവയ്‌ക്കെല്ലാം യുദ്ധം ഭീഷണിയായി കഴിഞ്ഞിരിക്കുന്നു. യുദ്ധം ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലകളെ ഭീഷണിപ്പെടുത്തുകയും പണപ്പെരുപ്പവും രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കാമെന്ന് 2026 മാര്‍ച്ച് ആറിന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 88.6 ശതമാനവും 2026 സാമ്പത്തികവര്‍ഷത്തിലും ഇറക്കുമതി ചെയ്യുകയാണ്. അതില്‍ത്തന്നെ 46.9 ശതമാനം ഇറക്കുമതി പശ്ചിമേഷ്യയില്‍ നിന്നാണ്. യുദ്ധം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നു. 2026 - 27 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ ഒരു ശതമാനം വരെ ബാധിച്ചേക്കാമെന്നാണ് പ്രവചനം. എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം ഉയരാനും ഇത് കാരണമാകുമെന്ന് റേറ്റിങ് ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടില്‍ പുതിയ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനത്തിനും 7.2 ശതമാനത്തിലും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍.


ഇറാന്‍ യുദ്ധം തുടങ്ങിവച്ച അമേരിക്കയിലും യുദ്ധവിരുദ്ധ വികാരം പടരുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. യുദ്ധം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെയെന്നപോലെ അമേരിക്കയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില ഉയര്‍ന്നത് അമേരിക്കയിലും വിലവര്‍ദ്ധനവും ഗതാഗതചെലവും പ്രകടമായ തരത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തന്നെ യുദ്ധം പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇറാന്‍ യുദ്ധം ഇനിയെന്താവും എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവചനാതീതമാണ്. ഈ യുദ്ധത്തില്‍ ജയിക്കുന്ന ഒരാള്‍ നെതന്യാഹു മാത്രമായിരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

നെതന്യാഹു സ്വന്തം ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് യുദ്ധത്തിനിറങ്ങിയതും തുടരുന്നതുമെങ്കില്‍ ട്രംപിന്റെ കാര്യം മറിച്ചാണ്. ട്രംപിന് സ്വന്തം ജനതയോട് എന്തിനാണ് ഈ യുദ്ധമെന്ന് ബോദ്ധ്യപ്പെടുത്താനോ യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇറാന്‍ യു എസ് ഇസ്രയേല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് ഗള്‍ഫ് - അറബ് രാജ്യങ്ങളാണ് എന്നതാണ് മറ്റൊരു വസ്തുത. അമേരിക്കയുടെ സൈനിക വാണിജ്യതാല്പര്യങ്ങള്‍ക്കായി സ്വന്തം ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുത്തിട്ടുള്ള ഈ രാജ്യങ്ങള്‍ ഇറാന്റെ പ്രത്യാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

ഈ രാജ്യങ്ങളില്‍ ഉണ്ടാകുന്ന യുദ്ധക്കെടുതികള്‍ ഇന്ത്യയെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. ഒരുകോടിയിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലാണ് ജീവസന്ധാരണം നടത്തുന്നത്. ഇതുവരെ ആരും ജയിക്കാത്ത ഈ യുദ്ധം നേരത്തെ സൂചിപ്പിച്ചപോലെ പുതിയ ലോകക്രമത്തിനും കൂട്ടായ്മകള്‍ക്കുമാകും വഴിവയ്ക്കുക. പരിഹാരമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധത്തിന്റെ പര്യവസാനം കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളൂ.

madhavan-b-nair

( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, MADHAVAN B NAIR, IRAN ISRAEL US WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360