SignIn
Kerala Kaumudi Online
Friday, 12 June 2026 7.12 AM IST

മകരവിളക്ക് രഹസ്യം ഔദ്യോഗികമായി സഭയിൽ വെളിപ്പെട്ടു, ചരിത്രത്തിലെ നാഴികക്കല്ലെന്ന് സ്പീക്കർ

secret-behind-makaravilak

തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുന:സ്ഥാപിക്കണമെന്ന ഒ.രാജഗോപാലിന്റ ശ്രദ്ധക്ഷണിക്കൽ, ക്രമപ്രശ്നങ്ങളും വിശദീകരണവുമായി സഭയിൽ ചർച്ചയായി മാറി. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ രാജഗോപാൽ എഴുന്നേറ്റയുടൻ, മന്ത്രി എ.കെ.ബാലൻ ക്രമപ്രശ്നമുന്നയിച്ചു. മകരവിളക്ക് തെളിയിക്കുന്നത് ആരാണെന്ന് ഇതുവരെ കാത്തുസൂക്ഷിച്ച രഹസ്യം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടാൻ പോവുകയാണെന്നും ഇതിലെ അപകടം മനസിലാക്കിയാണോ സ്പീക്കർ ശ്രദ്ധക്ഷണിക്കൽ അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഇത് അപകടമല്ല, ചരിത്രപരമായ നാഴികക്കല്ലാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെയെന്നും സ്പീക്കർ പറഞ്ഞു. മകരവിളക്കിനിടെ തിക്കും തിരക്കും കാരണം ആളുകൾ മരിച്ച സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരണമെന്ന് സുഗതകുമാരി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.തോമസും ക്രമപ്രശ്നം ഉന്നയിച്ചു.

അനാവശ്യ വിവാദം വേണ്ടെന്നും മകരവിളക്ക് ചിലർ കൊളുത്തുന്നതാണെന്നത് വസ്തുതയാണെന്നും ഒ.രാജഗോപാൽ പറഞ്ഞു. പരമ്പരാഗതമായി ആദിവാസികളാണ് അത് ചെയ്തു വന്നിരുന്നത്. പിന്നിട് ദേവസ്വം ബോർഡും സർക്കാരും ഔദ്യോഗികമായി ഏറ്റെടുത്തു. സർക്കാർ ഉദ്യോഗസ്ഥരാണ് പോയി തെളിയിക്കുന്നത്. പരമ്പരാഗതമായുള്ള അവകാശം മലയരയർക്ക് തിരിച്ചു നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു. പുരാതനകാലം മുതൽ ശബരിമല അടക്കം 18മലകളിലെയും താമസക്കാരായ മലഅരയർ മകരവിളക്ക് തെളിയിക്കുന്നതായും ശബരിമലയിലെ പ്രതിഷ്ഠയിൽ തേനഭിഷേകം നടത്തുന്നയായും മലഅരയ സഭകളുടെ നിവേദത്തിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. മകരസംക്രാന്തിക്കടക്കം പൊന്നമ്പലമേട്ടിലെ ക്ഷേത്രത്തിൽ നിത്യപൂജയുണ്ടായിരുന്നെന്ന് ഹൈക്കോടതി ഉത്തരവിലുമുണ്ട്. കാലക്രമേണ ആദിവാസികളെ ഒഴിപ്പിച്ചു. മലഅരയ വിഭാഗത്തിന് മുഖ്യപങ്കുണ്ടായിരുന്നെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. മകരവിളക്ക് തെളിയിക്കുന്നതിൽ മലഅരയരുടെ പ്രാതിനിധ്യം സംബന്ധിച്ച് കോടതി വിധികളും നിവേദനങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മകരവിളക്കും മകരജ്യോതിയും രണ്ടാണെന്ന് പി.സി.ജോർജ് പറഞ്ഞു. മകരവിളക്ക് ദീപമാണ്, മകരജ്യോതിയെന്നത് നക്ഷത്രമാണ് അദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SECRET BEHIND MAKARAVILAKKU, SABARIMALA MAKARAVILAKKU, SABARIMALA PILGRIMAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA