SignIn
Kerala Kaumudi Online
Friday, 05 June 2026 11.22 PM IST

കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം; സനു മോഹന്‍ ഉടന്‍ പിടിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

sanu-mohan

കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു. കൊല്ലൂര്‍ മൂകാംബികയില്‍ ഇയാള്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതാണ് കേസിന് വഴിത്തിരിവായത്. ഇതോടെ സനുമോഹനെ കണ്ടെത്താനായി കര്‍ണാടക പൊലീസിന്റെ സഹായം കേരളം തേടി. കര്‍ണാടകയിലെ അതിര്‍ത്തിപ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മിഷ്ണര്‍ അറിയിച്ചു.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായ പെരുമാറ്റമായതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും അവർ പറഞ്ഞു. ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല.

ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് വ്യക്തമായി. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല. സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SANU MOHAN, VYGA DEATH CASE, KERALA POLICE, KARNADAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY