SignIn
Kerala Kaumudi Online
Thursday, 11 June 2026 12.07 PM IST

പീപ്പിൾസ് ഹൗസുകൾ ഇനി 'ഹൗസ് ഫുൾ"

df

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനം ഹിറ്രായി. കാലങ്ങളായി പൊടിയും മാറാലയും മൂടി ആൾവാസമില്ലാതെ കിടന്ന സർക്കാർ വിശ്രമകേന്ദ്രങ്ങൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായതോടെ ഹൗസ് ഫുള്ളായി.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയും ഓൺലൈൻ ബുക്കിംഗ് നടപ്പാക്കുകയും ചെയ്ത നവം.1 മുതൽ ഇന്നലെ വരെ 1244 പേരാണ് ഓൺ ലൈൻ വഴി റസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്തത്. കഴിഞ്ഞ 16 ദിവസങ്ങൾക്കുള്ളിൽ 8,56,442 രൂപ ഈ ഇനത്തിൽ സർക്കാരിന് ലഭിച്ചു.കൊവിഡ് കാലത്തും അതിന് മുമ്പും ഇതിന്റെ മൂന്നിലൊന്നുപോലും പ്രതിമാസ വരുമാനമില്ലാതിരുന്ന റസ്റ്റ് ഹൗസുകളിൽ പുതിയ പ്രഖ്യാപനത്തോടെ ആളനക്കമായി. തിരുവനന്തപുരം മുതൽ കാസർകോ‌ഡ് വരെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ 153 റസ്റ്റ് ഹൗസുകളാണുള്ളത്. ഇതിൽ പ്രവർത്തനക്ഷമമായ 146 എണ്ണത്തിലും ഓൺലൈൻ ബുക്കിംഗിന് സംവിധാനമുണ്ട്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന മറ്റ് റസ്റ്റ് ഹൗസുകളും ഉടൻ തുറക്കാനാണ് തീരുമാനം.

റസ്റ്റ് ഹൗസുകൾ ജനകീയമായതോടെ കന്റീൻ സൗകര്യം, വാഹന പാർക്കിംഗ്, റിഫ്രഷ്മെന്റ് സൗകര്യങ്ങളും വിപുലപ്പെടുത്തുന്നുണ്ട്. വൈദ്യുതി തടസം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റസ്റ്റ് ഹൗസുകളിൽ ജനറേറ്റർ, ഇൻവർട്ടർ സംവിധാനങ്ങളും സജ്ജമാക്കും. കൊവിഡാനന്തരം ടൂറിസമുൾപ്പെടെ വ്യവസായമേഖലകൾ സജീവമാകുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തുകൊണ്ടിരിക്കെ റസ്റ്റ് ഹൗസുകളെ വരുമാനദായക സംരംഭങ്ങളാക്കാനാണ് സർക്കാർ നീക്കം. സന്ദർശകരുടെ അഭിപ്രായം മാനിച്ച് വിശ്രമമന്ദിരങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനും ടോയ്ലറ്റ് സംവിധാനത്തിനായി കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതികളും സർക്കാർ പരിഗണനയിലാണ്. കാൻസലേഷനും നിരക്ക് പരിശോധിക്കാനും സേവനം വിലയിരുത്താനുമുള്ള സംവിധാനവും ഓൺലൈനിലുണ്ട്. റെസ്റ്റ് ഹൗസുകളുടെ ചിത്രങ്ങളും വിലാസവും ഫോൺനമ്പരും www.resthouse.pwd.kerala.gov.in എന്ന ഓൺലൈൻ ബുക്കിംഗ് പോർട്ടലിൽ ലഭ്യമാണ്.

 നിരക്കുകൾ

എ.സി റൂം :(ക്ലാസ്1-1000രൂപ) (ക്ലാസ് 2-750 രൂപ)

നോൺ എ.സി റൂം : (ക്ലാസ്1- 600രൂപ) (ക്ലാസ് 2-400രൂപ)

അഡീഷണൽ ബെഡിന് -150 രൂപ

 ബുക്കിംഗ്, വരുമാന സ്ഥിതിവിവരം

ആകെ ബുക്കിംഗ് :1752

ആകെ വരുമാനം : 10,97,172രൂപ

എക്സിക്യുട്ടീവ് എൻജിനീയർ മുഖേന : 96(43,513 രൂപ)

റസ്റ്റ് ഹൗസ് കൗണ്ടറുകൾ മുഖേന : 412(1,97,217 രൂപ)

 പീപ്പിൾസ് റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് നല്ല പ്രതികരണമാണ് ഉളവാക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാനും റസ്റ്റ് ഹൗസുകളെ വരുമാനദായക സംരംഭങ്ങളാക്കാനും പദ്ധതി ഉപകരിക്കും'

ചീഫ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിടവിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360