പുലിപ്പേടിയുടെ നാളുകളാണല്ലോ ഇപ്പോൾ. കടുവായും പുലിയും നാട്ടിലിറങ്ങുന്നു. മയക്കുവെടിയും കെണിയുമൊക്കെയായി വനപാലകർ പിന്നാലെയും.! പക്ഷേ, ഇന്ന് ബ്ലാക്ക് ക്യാറ്റ് എന്നും കരിമ്പൂച്ച എന്നുമൊക്കെ പറയുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് ആ ജീവി വർഗമായിരിക്കില്ല. രാജ്യത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി അതുപോലെയുള്ള പ്രമുഖരുടെ സെക്യൂരിറ്റിക്കായി കൂടെപോകുന്ന ഒരു സുരക്ഷാ സംഘത്തെ കുറിച്ചായിരിക്കും. വി. വി. ഐ. പികളുടെ പൊതുപരിപാടികളിലും ഊണിലും ഉറക്കത്തിലുമെല്ലാം സുരക്ഷയൊരുക്കുന്നവരാണ് ഇവർ. അതായത് പ്രത്യേകതരം യൂണിഫോമിൽ തോക്കും സുരക്ഷാസന്നാഹങ്ങളുമായി പ്രമുഖർക്ക് ചുറ്റും സഞ്ചരിക്കുന്ന വിദഗ്ദ്ധ പരിശീലനം നേടിയ സേനാവിഭാഗം.
പറഞ്ഞുവരുന്നത് നമ്മുടെ വനങ്ങളിൽ അപൂർവ്വമായി കാണുന്ന കറുപ്പുനിറമുള്ള കരിമ്പുലിയുടെയോ, വീടുകളിൽ വളർത്തുന്ന കറുത്ത പൂച്ചകളുടെയോ തലയെന്നു തോന്നിക്കുന്ന രീതിയിൽ കിട്ടിയ ഒരു ഫോട്ടോയെക്കുറിച്ചാണ്. ഭയം തോന്നിപ്പിക്കുന്ന ഭീകരരൂപമായി തോന്നുമെങ്കിലും കക്ഷി ശാന്തനും നിർദ്ദോഷിയുമാണ്! പുറമെ കാണുന്ന ഗാംഭീര്യമൊന്നും ഇതിനില്ല. മാത്രമല്ല മാർജാര വംശത്തിൽപ്പെടുന്നതുമല്ല. ശത്രുക്കളിൽ നിന്നും സ്വയം രക്ഷപ്പെടാൻ പ്രകൃതി ഇവർക്ക് കൊടുത്തിരിക്കുന്ന ഒരു ഉപാധിയാണ് ഈ രൂപം. മറ്റു ജീവികളെ ഭയപ്പെടുത്താനും തന്ത്രപരമായി രക്ഷപ്പെടാനും രൂപം സഹായിക്കും.
ഇനി പേടിപ്പെടുത്തുന്ന ഈ ബ്ലാക്ക് കാറ്റ് തലയുടെ ചിത്രത്തെക്കുറിച്ച് പറയാം. ഒരിക്കൽ ഗട്ടി ഇമേജസിനുവേണ്ടി പക്ഷികളുടെ ചിത്രങ്ങളെടുക്കാനായി കൂനൂരിലെ സിംസ് പാർക്കിൽ പോയപ്പോൾ അവിടെ നിന്നും കിട്ടിയ ഫോട്ടോയാണ് ഇത്. ഒരു ചെറിയ ജീവി അതായത് നമ്മുടെ ചിത്രശലഭത്തേക്കാൾ ചെറുതും തേനീച്ചയേക്കാൾ വലുതുമായ ഒരു ശലഭം പൂവിലിരുന്നു തേൻ കുടിക്കുന്നത് കണ്ടു. അടുത്തു ചെന്നപ്പോൾ അതിന്റെ മുഖം കരിമ്പുലിയുടെയോ കരിമ്പൂച്ചയുടെയോ തലയുടെ ആകൃതിപോലെ എനിക്ക് തോന്നി. അപ്പോൾ തന്നെ അതിന്റെ തലയുടെ ഒരു മാക്രോ ഫോട്ടോ ഞാൻ എടുത്തു. തിരികെ വന്നു കമ്പ്യൂട്ടറിൽ ഡൗൺ ചെയ്തപ്പോൾ കണ്ടപ്പോൾ ഒരു കരിമ്പൂച്ചയുടെ പേടിപ്പെടുത്തുന്ന രൂപമാണെന്ന് തോന്നി. സാധാരണ ഗതിയിൽ ഇത്തരം ശലഭങ്ങളുടെ കണ്ണുകൾ രണ്ടും തലയുടെ രണ്ടു വശങ്ങളിൽതന്നെ ആയിരിക്കും. എന്നാൽ അവയെക്കൂടാതെ ഇതിന്റെ നെറ്റി ഭാഗത്തായി വേറെയും രണ്ടു കണ്ണുകൾ ഉള്ളതായി കണ്ടു.അത് കണ്ണുകളാണോ അതുപോലെയുള്ള പാടുകളാണോ എന്നറിയില്ല.ഏതായാലും ഒറ്റനോട്ടത്തിൽ ആരെയും പേടിപ്പിക്കും.
(ദത്തൻ പുനലൂർ:9443032995)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |