SignIn
Kerala Kaumudi Online
Thursday, 11 June 2026 8.33 AM IST

അറസ്റ്റിന് പൊലീസ് ഓടിയെത്തി; സ്ഥലം വിട്ട് പി.സി. ജോർജ്ജ്

p-c-george

കൊച്ചി/കോട്ടയം: മതവിദ്വേഷപ്രസംഗ കേസിൽ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജിനെ തേടി പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റുണ്ടാകുമെന്ന സൂചനയുള്ളതിനാൽ ജോർജ് വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ജോർജ് ഒളിവിലെന്ന വിലയിരുത്തലിൽ അന്വേഷണം ഊർജിതമാക്കി. അറസ്റ്റുറപ്പിച്ചാണ് കൊച്ചി സിറ്റി പൊലീസിന്റെ നീക്കം.

കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ജീപ്പിലും വാനിലുമായി പൊലീസെത്തിയത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടാണ് ജോർജ് പോയത്. തുടർന്ന് പൂഞ്ഞാറിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന പൊലീസ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് പൂഞ്ഞാറിൽ ക്യാമ്പ് ചെയ്യുകയാണ്. ജോർജ് തിരുവനന്തപുരത്തുണ്ടെന്ന സൂചനകളെത്തുടർന്ന് ഇവിടെയും തെരച്ചിൽ നടക്കുന്നുണ്ടെന്നാണ് വിവരം.

ജാമ്യാപേക്ഷ തള്ളിയിട്ടും ജോർജിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ നാടകം കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തിയിരുന്നു.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച്‌ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് ഈ മാസം പത്തിനാണ് പാലാരിവട്ടം പൊലീസ് പി.സി. ജോർജിനെതിരെ ജാമ്യമില്ലാവകുപ്പുചുമത്തി സ്വമേധയാ കേസെടുത്തത്.

 അറസ്റ്റില്ല, പിന്നാലെ റെയ്ഡ്

പി.സി. ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഉച്ചയ്‌ക്കുശേഷം കഥമാറി. കോടതി ഉത്തരവ് പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിച്ചു. പ്രത്യേകസംഘം പൂഞ്ഞാറിലേക്ക് പുറപ്പെട്ടു. പൊലീസ് ജോർജിന്റെ വീട്ടിലെത്തിയതോടെ നാട്ടുകാർ പ്രദേശത്ത് തമ്പടിച്ചിരുന്നു.

'പി.സി. ജോർജിനെതിരെ ശക്തമായ തെളിവുകളുണ്ട്".

- സി.എച്ച്. നാഗരാജു, കമ്മിഷണർ കൊച്ചി സിറ്റി പൊലീസ്

'ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് പൊലീസ് കോടതിയിൽ നൽകിയത്. മുഴുവൻ കണ്ടാൽ വിദ്വേഷപ്രസംഗമല്ലെന്ന് മനസിലാകും".

- ഷോൺ ജോർജ്, പി.സി. ജോർജിന്റെ മകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PCGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA