തിരുവനന്തപുരം: ഉപരിപഠനത്തിന് അർഹത നേടിയവർക്കെല്ലാം പ്ലസ്ടു പഠനസൗകര്യമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സീറ്റ് കുറവുള്ള ജില്ലകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കും. ഇത്തവണ മൂന്ന് പ്രധാന അലോട്ട്മെന്റുകളുണ്ടാവും. ഹയർസെക്കൻഡറിയിൽ 1,83,085 ഗവ. സീറ്റുകളും 1,92,630 എയ്ഡഡ് സീറ്റുകളും 56,366 അൺ എയ്ഡഡ് സീറ്റുകളുമുണ്ട്. സയൻസിന് 2,19,274, ഹ്യുമാനിറ്റീസിന് 87,148, കോമേഴ്സിന് 1,25,659 സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം പ്രിയം ഹ്യുമാനിറ്റീസിനായിരുന്നു. മെരിറ്റിനൊപ്പം ബോണസ് പോയിന്റും നൽകിയാണ് അലോട്ട്മെന്റ്. എന്നാൽ ബോണസ് പോയിന്റ് മെരിറ്റിനെ മറികടക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും കെ.എം.സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ
ചുമതലപ്പെടുത്തിയിട്ടില്ല: വി. ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്റി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ആർക്കും അധികാരം നൽകിയിട്ടില്ല. ഇക്കൊല്ലത്തെ ബോണസ് പോയിന്റ് സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണ്. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്റി പറഞ്ഞു.
പട്ടയ വിതരണത്തിന് പ്രത്യേക
യജ്ഞം: മന്ത്രി രാജൻ
തിരുവനന്തപുരം: മലയോര, ആദിവാസി മേഖലകളിലെ പട്ടയം ഈവർഷം തന്നെ നൽകാൻ പ്രത്യേക യജ്ഞം നടപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂമി പുറമ്പോക്കോ തരിശോ അല്ലാത്തതിനാൽ പട്ടികജാതി കോളനികളിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയമില്ലാത്ത സാഹചര്യമുണ്ട്. പട്ടികജാതി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ സ്ഥലമാണേറെയും. ഭൂമി പോക്കുവരവ് ചെയ്യാത്തതിനാൽ മുൻ ഉടമയുടെ പേരിലാണുള്ളത്. മിക്ക പഞ്ചായത്തുകളിലും ഭൂമി വാങ്ങിയതിന്റെ ആധാരം സൂക്ഷിച്ചിട്ടില്ല. പോക്കുവരവ് നടത്താൻ ഇതാണ് തടസം. പഞ്ചായത്ത് ഭൂമി, സർക്കാരിൽ നിക്ഷിപ്തമാക്കി പുറമ്പോക്കാക്കിയ ശേഷമേ പട്ടയ വിതരണം നടത്താനാവൂ എന്നും നജീബ് കാന്തപുരത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |