SignIn
Kerala Kaumudi Online
Friday, 17 July 2026 7.37 PM IST

ഡോക്ടർമാരുടെ പരാതികൾ തീർക്കണം

READ ENGLISH VERSION
s

സാധാരണക്കാരായ രോഗികൾ മികച്ച ചികിത്സ ലഭിക്കാൻ ആശ്രയിക്കുന്ന കേന്ദ്രങ്ങളാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ. രോഗികളുടെ ബാഹുല്യം കാരണം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് ഇപ്പോൾത്തന്നെ ഈ ആശുപത്രികൾ. രോഗികളെ പരിശോധിക്കാൻ വേണ്ടത്ര ഡോക്ടർമാർ ഇല്ലെന്നതാണ് ഏറ്റവും വലിയ പരാതി. അതിനൊപ്പം ഡോക്ടർമാർ സമരം കൂടി ചെയ്യുകയാണെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം അപ്പാടെ താളം തെറ്റുകയും രോഗികൾ കൂടുതൽ വലയുകയും ചെയ്യും. അതേസമയം ന്യായമായ അവരുടെ ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സമരമല്ലാതെ അവരുടെ മുന്നിൽ മറ്റ് വഴികളുമില്ല.

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക അന്യായമായി സർക്കാർ നീട്ടിവയ്ക്കുകയാണെന്നാണ് അവർ ഉന്നയിക്കുന്ന പ്രധാന പരാതി. ഇത് ന്യായമായ പരാതി തന്നെയാണ്. ഇക്കാര്യത്തിൽ സംഘടനകളുമായി ചർച്ച നടത്തി കുടിശ്ശിക എന്നു നൽകുമെന്നത് അവരെ ബോദ്ധ്യപ്പെടുത്തേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വമാണ്. അതോടൊപ്പം തന്നെ ഇതിനാവശ്യമായ പണം അനുവദിക്കാൻ ധനവകുപ്പും തീരുമാനിക്കണം. ധനവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മന്ത്രിമാർ മുൻകൈയെടുത്ത് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കേണ്ടതാണ്. ഡോക്ടർമാരുടെ സമരം ജനങ്ങളെ കഷ്ടപ്പെടുത്തുമെന്നതിനാൽ മുഖ്യമന്ത്രിയും ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കേണ്ടതാണ്.

ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, താത്‌കാലിക കൂട്ടസ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്‌തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക, ഡി.എ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരെ മെഡിക്കൽ കോളേജുകളിൽ നിയമിക്കുക എന്നത് ജനങ്ങളുടെ കൂടി ഒരാവശ്യമാണ്. എൺപതു പേർക്ക് കിടത്തി ചികിത്സാ സൗകര്യമുള്ള വാർഡുകളിൽ അതിന്റെ മൂന്നിരട്ടി രോഗികളാണ് കിടക്കുന്നത്. ഡോക്ടർമാരുടെ എണ്ണം കൂട്ടാതെ എല്ലാ രോഗികൾക്കും മതിയായ ചികിത്സയും ശ്രദ്ധയും നൽകുക അസാദ്ധ്യമാണ്.

ആരോഗ്യരംഗത്തെ സമഗ്രമായ വികസനത്തിന് ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയാൽ പോരെന്നും ആവശ്യത്തിന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്നുമാണ് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാലാണ് ചികിത്സ ഉറപ്പാക്കാൻ വൈകുന്നതെന്നാണ് അവർ പറയുന്നത്. അതോടൊപ്പം പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാർക്ക് അർഹമായ പരിഗണന നൽകണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ പരാതികളും ആവശ്യങ്ങളും പരിഗണിച്ച് ചർച്ചകളിലൂടെ പ്രധാനപ്പെട്ടവ അംഗീകരിക്കുന്ന ഒരു സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY