SignIn
Kerala Kaumudi Online
Tuesday, 29 September 2026 9.46 AM IST

ശബരിമല വിമാനത്താവളം

fly

അപേക്ഷിച്ചാൽ ഉടനെ അംഗീകാരം ലഭിക്കുന്ന ഒന്നല്ല ഏതു വിമാനത്താവള പദ്ധതിയും. ഡി.ജി.സി.എ ഏതാനും ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് ശബരിമല വിമാനത്താവളം ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് കരുതേണ്ടതില്ല. ഡി.ജി.സി.എ കണ്ണൂർ വിമാനത്താവളത്തിന് അഞ്ച് വർഷത്തിലേറെ അനുമതി നിഷേധിച്ചിരുന്നു. ഡി.ജി.സി.എയും എയർപോർട്ട് അതോറിട്ടിയുമൊക്കെ പല സംശയങ്ങളും ഉന്നയിക്കും. അതവരുടെ ജോലിയാണ്. അതിനെ നിഷേധാത്മകമായി കാണേണ്ടതില്ല. അവരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുന്ന നിലയിൽ കാര്യങ്ങളിൽ മാറ്റംവരുത്താനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. സാദ്ധ്യതാപഠനം നടത്തിയ കമ്പനിയുടെ അധികാരികളുടെ ഒപ്പും സീലും മറ്റുമില്ലാത്ത റിപ്പോർട്ട് കേരളം അയച്ചത് പിഴവാണ്. പഠനം നടത്തിയ രണ്ട് ഏജൻസികളും ഒപ്പുവച്ച റിപ്പോർട്ട് ഉടനെ കേന്ദ്രത്തിന് അയയ്ക്കുമെന്നാണ് മനസിലാക്കുന്നത്. ഏതു പദ്ധതിയെയും സംസ്ഥാനത്തും കേന്ദ്രത്തിലും പാരവച്ച് തകർക്കാൻ ചിലർ ഒരു വ്രതം പോലെ പ്രവർത്തിക്കും. കേരളത്തിന്റെ മാത്രം ശാപമാണത്. വിമാനത്താവളം വരുന്നതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതസമൂഹത്തിന് മാത്രമല്ല മനുഷ്യസമൂഹത്തിന് മൊത്തത്തിലാണ് പ്രയോജനം ഉണ്ടാകുന്നത്.

ശബരിമല വിമാനത്താവളം ഏതു വിധേനയും നടപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ മുന്നിൽ പ്രശ്നം അവതരിപ്പിച്ചാൽ അനാവശ്യമായ തടസങ്ങളെല്ലാം മാറാനാണ് സാദ്ധ്യത. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ച് കോടി തീർത്ഥാടകർക്കും നാല് ജില്ലകളിലായി 20 ലക്ഷത്തോളം വിദേശമലയാളി കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതാണ് ഇത്.

150 കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാറില്ലെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പ്രത്യേക പരിഗണന കണക്കിലെടുത്ത് ഡൽഹിയിലും മുംബയിലും പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കേരളം ചൂണ്ടിക്കാണിക്കാതിരിക്കില്ല. ദയവ് ചെയ്ത് ഇതൊരു വിവാദമാക്കി മാറ്റി ആളുകളെ തമ്മിലടിപ്പിക്കാതെ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളും തീരദേശ മേഖലയിലെ പട്ടണങ്ങളിലാണ്. മലനാട്ടിൽ വർഷങ്ങൾക്ക് മുന്നേ തന്നെ ഒരു വിമാനത്താവളം വരേണ്ടതായിരുന്നു. അതെങ്ങനെ വരും, നെടുമ്പാശേരി വിമാനത്താവളം തന്നെ വന്നതിന്റെ പാട് നമുക്ക് അറിയാവുന്നതാണല്ലോ? ശബരിമല വിമാനത്താവളവും താമസംവിനാ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ആരൊക്കെ എതിർത്താലും നടക്കാനുള്ളത് നടക്കാതിരിക്കില്ലല്ലോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY