SignIn
Kerala Kaumudi Online
Monday, 21 September 2026 5.06 PM IST

ജോര്‍ദാനിലെ ആടുജീവിതത്തിന് പാക്കപ്പ്, പൃഥ്വിയും സംഘവും നാട്ടിലേക്ക്?

aadujeevitham

പ്രതിസന്ധികളെ തരണം ചെയ്ത് ജോര്‍ദാനിലെ ആടുജീവിതത്തിന്റെ ഷെഡ്യൂള്‍ അവസാനിച്ചു. പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അം​ഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊവിഡ് 19 പടര്‍ന്നു പിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. മാര്‍ച്ച്‌ മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദാനിലെ ഷൂട്ട്.

മാര്‍ച്ച്‌ 16 നാണ് ജോര്‍ദാനിലെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. സിനിമ സംഘത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജോര്‍ദാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്‍ജീരിയയിലും ചിത്രീകരണമുണ്ടാകും.

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തില്‍ പൃഥ്വി നജീബായി എത്തുമ്പോള്‍ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, AADUJEEVITHAM MOVIE, PRITHVIRAJ, DIRECTOR BLESSY, JORDAN, AADUJEEVITHAM MOVIE PACKUP, LOCKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY