
ഒരു കാലത്ത് മലയാളികളുടെ സ്വീകരണമുറിയിൽ ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് രഞ്ജിനി മലയാളികൾക്ക് പ്രിയപ്പെട്ടതായത്. ചില സിനിമകളിൽ മുഖം കാണിച്ച താരം ഇപ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. അഭിമുഖങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ചാനലിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ താരം ഏറ്റവും ഒടുവിലായി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഒരു പരിപാടിക്ക് പങ്കെടുക്കാൻ പോയപ്പോൾ കൂടെ കിടക്കാൻ ക്ലയിന്റ് വിളിച്ച സംഭവത്തെക്കുറിച്ചും രഞ്ജിനി തുറന്നുപറയുന്നുണ്ട്.
രഞ്ജിനിയുടെ വാക്കുകളിലേക്ക്
'പതിനെട്ടാം വയസിൽ ഞാൻ യുകെ, സ്വിറ്റ്സർലാൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ ചെന്ന് ഷോകൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമ്മകളും ഏറ്റവും മികച്ചതാണ്. ജയറാമേട്ടനും പാർവ്വതി ചേച്ചിക്കൊപ്പവുമാണ് ആദ്യമായി ദുബായിൽ ഒരു പരിപാടിക്ക് പോയത്. അത് മികച്ചൊരു അനുഭവമാണ്. ആ അനുഭവത്തിലാണ് ഞാൻ അടുത്ത ഒരു പരിപാടിക്ക് പോയത്. എന്നാൽ അത് എനിക്ക് മോശം അനുഭവമാണ് സമ്മാനിച്ചത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും ഡിന്നറിനെന്ന് പറഞ്ഞ് വിളിച്ച് പ്രശ്നങ്ങളുണ്ടാക്കിയതും മോശം അനുഭവങ്ങളായിരുന്നു.
കണ്ണൂരിൽ പരസ്യത്തിനായി പോയപ്പോഴുണ്ടായത് ഒരിക്കലും മറക്കില്ല. ഷൂട്ട് കഴിഞ്ഞ് അവരോട് ഞാൻ പോവുകയാണെന്ന് പറഞ്ഞു. ഒരാൾ എനിക്ക് കാശ് കൊണ്ടുതന്നു. പരിപാടി കഴിഞ്ഞ് വരാൻ നേരം ക്ലയിന്റ് പ്രതിഫലം തരാൻ മുറിയിലേക്ക് വന്നു. എന്നാൽ ശരി, പോട്ടെ എന്ന് പറഞ്ഞ് ഞാൻ ഇറങ്ങാൻ നിന്നപ്പോൾ അല്ല പോവുകയാണോ, മറ്റേതില്ലേ എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ കൂടെ കിടക്കണം. അതിന് വേണ്ടി കൂടിയാണ് പരിപാടിക്ക് വിളിച്ചതെന്ന് പറഞ്ഞു.
ആദ്യമായാണ് ഒരാൾ എന്നോട് ഇതൊക്കെ നേരിട്ട് ചോദിക്കുന്നത്. ദേഷ്യം വന്നെങ്കിലും ഞാൻ ആയാളെയും കൂട്ടി മുറിയിൽ നിന്നിറങ്ങി കോർഡിനേറ്ററുടെ അടുത്ത് പോയി നേരിട്ട് ചോദിച്ചു. അപ്പോൾ അവർ രണ്ട് പേരും പരുങ്ങി. പരിപാടിക്ക് ശേഷം വീട്ടിലേക്ക് അയാൾ ക്ഷണിച്ചിരുന്നു. എന്നാൽ പിന്നെ വീട്ടിൽ പോയേക്കാമെന്ന് ഞാൻ ഉറപ്പിച്ചു. വീട് എത്തുന്നത് വരെ അയാൾ സോറി പറഞ്ഞു. എന്നാലും ഞാൻ വരുമെന്നായി.
പക്ഷേ, അവിടെ എത്തിയപ്പോൾ ഭാര്യയും അമ്മയും മക്കളുമൊക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്വീകരണവും സ്‌നേഹം കണ്ടെങ്കിലും അയാളോടുള്ള ദേഷ്യം അടങ്ങിയില്ല. പക്ഷേ, ഞാൻ ഒന്നും പറഞ്ഞില്ല. അയാളെ തെറി വിളിച്ചാണ് ഞാൻ ഇറങ്ങിയത്. മോഡലിംഗ് രംഗത്ത് നിൽക്കുമ്പോൾ വേശ്യ എന്നൊക്കെയുള്ള വിളി കേട്ടിട്ടുണ്ട്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങൾ കാശുണ്ടാക്കുന്നതെന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റർടൈൻമെന്റാണ്. കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ ബുദ്ധിമുട്ടാണ്. എന്നാലും അയാൾക്ക് എന്നോട് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നു'- രഞ്ജിനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |