SignIn
Kerala Kaumudi Online
Friday, 10 July 2026 1.14 PM IST

പുതിയ പ്രതിഛായ

a

ആങ്കർ, ഇൻഫ്ളൂവൻസർ, ഡാൻസർ, പഠിപ്പിസ്‌റ്റ്.... പല വിലാസത്തിൽ മിന്നിത്തിളങ്ങി നീതു കൃഷ്ണ ..നിവിൻ പോളി നായകനായി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത പ്രതിഛായ പുതിയ നായികയെ കൂടി സമ്മാനിച്ചു. ആദ്യ സിനിമയിൽ തന്നെ നായിക ടിക്കറ്റെടുത്ത നീതു കൃഷ്ണ നിറഞ്ഞ സന്തോഷത്തിൽ.നിവിൻ പോളിയുടെ ഭാര്യ റോസ ജയദേവൻ എന്ന ശക്തമായ കഥാപാത്രമായി നീതു സ്ക്രീനിൽ നിറയുന്നതിനൊപ്പം പുത്തൻ വാഗ്ദാനമായും മാറുന്നു.

ശരിക്കും കാത്തിരുന്നു

കുട്ടിക്കാലം മുതൽ സിനിമ സ്വപ്നം കണ്ടതാണ്. നാളെ നിവിൻ പോളിയുടെ നായികയാകും എന്ന് കരുതിയതേയില്ല. കാസ്റ്റിംഗ് ഡയറക്ടറുടെ ആദ്യ വിളിയിൽ തന്നെ ബി. ഉണ്ണിക്കൃഷ്ണന്റെ സിനിമയാണെന്നും നിവിൻ പോളി നായകനെന്നും അറിയാമായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ശക്തമായ തീരുമാനം എടുത്ത സമയത്തു തന്നെയാണ് 'പ്രതിഛായ" എന്നിലേക്ക് വന്നത്. കൃത്യമായ സമയത്ത് ചില കാര്യം എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. എപ്പോഴാണ് അത് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല. എന്നാൽ അതിന് പ്രാപ്തമാകുന്ന നിമിഷം വന്നുചേരും എന്നു വിശ്വസിക്കുന്നു. ഏറ്റെടുക്കുന്ന ജോലി നൂറുശതമാനം ആത്മാർത്ഥതയോടെ ചെയ്യുന്നതാണ് രീതി . സിനിമ സ്വപ്നം കണ്ടാണ് ആങ്കർ ചെയ്യാൻ വന്നത് . അതെല്ലാം നന്നായി ആസ്വദിച്ചു . ഒരുപാട് സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്തു. അവരുടെ സിനിമ പ്രൊമോട്ട് ചെയ്യാൻ വരുന്നത് നമുക്കും സന്തോഷമാണ്. ആ സമയത്ത് അവരുടെ അനുഭവം കേൾക്കാം. അവർ വന്ന വഴികൾ അറിയാം. കേൾക്കുമ്പോൾ അതെല്ലാം നമ്മളെയും സ്വാധീനിക്കാം. നാളെ സിനിമയിലേക്ക് വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നല്ലോ...

ആദ്യ ഷോട്ടിൽ

ഡയലോഗ്

ആങ്കർ ചെയ്യുന്നതും മൂവി ക്യാമറയുടെ മുൻപിൽ നിൽക്കുന്നതും വലിയ വ്യത്യാസമാണ്. ആങ്കർ ചെയ്യുമ്പോൾ ഞാനായി തന്നെയാണ് ഇരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ വേറൊരു ലോകം തന്നെയാണ്. വലിയ ബഡ്ജറ്റിൽ സിനിമ. നമ്മുടെ ഇൻപുട്ട് പോലും വ്യത്യസ്തം.

'പ്രതിഛായ"യിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതു ബി. ഉണ്ണിക്കൃഷ്ണൻ എന്ന പ്രതിഭാധനനായ സംവിധായകന്റെ സംഭാവനയായിരിക്കും.ഉണ്ണി സർ റഫ് ആണ് ടഫ് ആയിരിക്കും എന്ന ഇമേജിൽ പോയി. എന്നാൽ ഷൂട്ട് തുടങ്ങിയ ദിവസം മുതൽ ഈ നിമിഷം വരെ കഥാപാത്രം മികച്ചതാക്കാൻ ഉപദേശം തന്ന് ഉണ്ണി സാറും നിവിൻ ചേട്ടനും ആ ടീമും കൂടെ തന്നെ ഉണ്ടായിരുന്നു. ആർട്ടിസ്റ്റിൽ നിന്ന് എന്തുവേണം എന്നു ഉണ്ണി സാറിന് അറിയാം.റോസ ജയദേവൻ എന്ന കഥാപാത്രത്തിന് കൃത്യമായ ശരി, തെറ്റുമുണ്ട്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഇത്തരം സ്‌ത്രീകഥാപാത്രത്തെ മുൻപ് ബി. ഉണ്ണിക്കൃഷ്ണൻ സിനിമകളിൽ കണ്ടിട്ടുണ്ട്. ഞാൻ ഒഴികെ ഒട്ടുമിക്കപ്പേരും സീനിയർ താരങ്ങൾ. വളരെ പേടിച്ച് ലൊക്കേഷനിൽ പോയി. എന്നാൽ വീട്ടിൽ ചെന്നു കയറുന്ന അന്തരീക്ഷമായിരുന്നു അവിടെ. ഷൂട്ട് കഴിഞ്ഞും മടങ്ങിപ്പോകാൻ തോന്നിയതേയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ക്യാമറയുടെ മുൻപിൽ ടെൻഷനും കാര്യങ്ങളും ഉണ്ടായിരുന്നു. ബാലചന്ദ്രമേനോൻ സാറിനും സബിത മാമിനൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഡയലോഗും കിട്ടി. സിനിമകളുടെ പ്രൊമോഷൻ പോകുന്ന സമയത്ത് എന്നെ സ്വാധീനിച്ച വ്യക്തി ആണ് ഹരിശ്രീ അശോകൻ ചേട്ടൻ. ആദ്യ സിനിമയിൽ തന്നെ ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു.

ഉറപ്പായും സോഷ്യൽ മീഡിയ

സിനിമയിൽ വരുന്നതിന് ആങ്കറിംഗും സോഷ്യൽ മീഡിയയും 'യുറീക്ക"യും സഹായിച്ചിട്ടുണ്ട്. സിനിമയെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന, നല്ല നിലവാരത്തിൽ കണ്ടന്റ് സൃഷ്ടിക്കുന്ന മൂന്ന് പേരുടെ കൂട്ടായ്മയാണ് യുറീക്ക. ഇന്ദുജയും , 'കലികാലം എന്ന കുറ്റാന്വേഷണ പരമ്പരയും നല്ല പ്ളാറ്റ്‌ഫോം തന്നു. യുറീക്ക സ്റ്റോറീസിലെ നിന്നിഷ്ടം എന്നിഷ്ടം കണ്ട് 'ഈ കുട്ടി സിനിമയിൽ വന്നാൽ നന്നായിരിക്കുമെന്ന് കമന്റ്" ചെയ്തത് വലിയ ബൂസ്റ്റ് തന്നു. അപ്പോഴാണ് സിനിമാക്കാരിലേക്ക് പ്രൊഫൈൽ എത്തുന്നത് . 'യുറീക്ക" വഴി വന്ന ഒന്നുരണ്ട് ഓഡിഷൻ പങ്കെടുത്തു. എന്നാൽ കൃത്യമായി 'പ്രതിഛായ"യിൽ സംഭവിച്ചു. ഫുൾ ഡേ ലുക്ക് ടെസ്റ്ര് ഉൾപ്പെടെ ഓഡിഷൻ. സിനിമയിലെ മൂന്നു സീൻ തന്നു. സെലക്ട് ചെയ്ത കാര്യം ഒരാഴ്ച കഴിഞ്ഞ് ഉണ്ണി സാർ വിളിച്ചുപറഞ്ഞു.

എന്റെ പ്രതിഛായ

നാലു വയസു മുതൽ നൃത്തം കൂടെയുണ്ട്. ഭരതനാട്യം കച്ചേരി അവതരിപ്പിക്കാറുണ്ട്. പത്തു വയസ് മുതൽ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. അഭിനയമോ നൃത്തമോ ഇതിൽ ഏറ്റവും ഇഷ്ടം ഏത് എന്നു ചോദിച്ചാൽ തിരഞ്ഞെടുക്കാൻ കഴിയില്ല. രണ്ടും എന്റെ കണ്ണുകൾ പോലെ എന്നു നമ്മൾ പറയാറില്ലേ. അതേപോലെ...

' ഏറെ ആഗ്രഹത്തോടെ പഠിച്ചതാണ് സൈക്കോളജി. ഒരുപാട് കാര്യങ്ങൾ ഒരേസമയം കൊണ്ടുപോകുന്നതിന് സ്കൂളിലും കോളേജിലും അദ്ധ്യാപകർ സഹായിച്ചു. അതിന്റെ ഫലമായാണ് എല്ലാം ബാലൻസ് ചെയ്യാൻ കഴിയുന്നത്. സൈക്കോളജി ചെയ്യുമ്പോൾ പ്രൊഫസർ രമേഷ് ഉൾപ്പെടെ എല്ലാവരും ആ വിഷയം എന്നെ മനസിലാക്കി തരാൻ സഹായിച്ചു. അതിന്റെ ഭാഗമായായി ഒന്നാം റാങ്ക് ലഭിച്ചു. പല കാര്യങ്ങൾ എപ്പോഴും ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. നല്ല ഒരു സെറ്റ് ഒഫ് സുഹൃത്തുക്കളും മികച്ച അന്തരീക്ഷവും ഉണ്ടാകുമ്പോഴാണ് ഭംഗിയായി ചെയ്യാൻ കഴിയുക. അതിന് എന്റെ ജീവിതത്തിൽ ഈ ആളുകൾ എല്ലാം കാരണമായി തീർന്നു.

പരപ്പനങ്ങാടി ആണ് നാട്. അച്ഛൻ പി. സോമസുന്ദരം, അമ്മ സി.എം. കൽപ്പകവല്ലി. സഹോദരൻ നവനീത് കൃഷ്ണൻ.എല്ലാവരും പ്രൊഫഷണൽസ്. സഹോദരൻ വിവാഹിതൻ .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY