
15 വയസുള്ളപ്പോൾ ഒരു അശ്ലീല വെബ്സെെറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായെന്ന് വെളിപ്പെടുത്തി നടി ജാൻവി കപൂർ. ഇന്നും എഐ ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്നും ജാൻവി വ്യക്തമാക്കി. രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടെയാണ് മുൻപ് നേരിട്ട അനുഭവം താരം പങ്കുവച്ചത്.
'അത് ഡീപ്‌ഫേക്ക് ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അതുപോലെയെന്തോ ആണ്. ഞങ്ങൾക്ക് സ്കൂളിൽ ഐടി ക്ലാസ് ഉണ്ടായിരുന്നു. ആ സമയത്ത് ആൺകുട്ടികൾ മോശം ഉള്ളടക്കങ്ങളുള്ള സെെറ്റുകളിൽ കയറാറുണ്ട്. അത്തരത്തിൽ ഒരു സെെറ്റിലാണ് എന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് സ്കൂളിൽ വച്ചായിരുന്നു നടന്നത്. അതൊരു വിചിത്രമായ അനുഭവമായിരുന്നു. സോഷ്യൽ മീഡിയയിലെ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നൽകേണ്ടിവരുന്ന വിലയാണെന്നും അക്കാലത്ത് ഞാൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്തരം കാര്യങ്ങളോടുള്ള എന്റെ കാഴ്ചപ്പാട് മാറി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾ ഇന്നും എന്നെ പിന്തുടരുകയാണ്. ഞാൻ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങളോ അല്ലെങ്കിൽ ഞാൻ പോസ് ചെയ്യാത്ത രീതിയിൽ ഉള്ള ചിത്രങ്ങളോ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഔദ്യോഗിക വാർത്താ പേജുകളിൽ പോലും ഇത്തരം ചിത്രങ്ങൾ വരുന്നുവെന്നത് എന്നെ അസ്വസ്ഥയാക്കുന്നു. ഞാൻ പുറത്തുവിട്ട എന്തോ ഒന്നാണെന്ന മട്ടിലാണ് ഇത് പ്രചരിക്കുന്നു'- നടി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |