
നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. തങ്ങളുടെ നാല് പെൺകുട്ടികൾക്കും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ കുടുംബം നൽകുന്ന പിന്തുണ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ മകൾ ദിയാകൃഷ്‌ണയ്‌ക്ക് പിന്നാലെ മൂത്ത മകളായ അഹാന കൃഷ്‌ണയും വിവാഹിതയാകാൻ പോകുന്നുവെന്ന സൂചന പങ്കുവയ്‌ക്കുകയാണ് നടൻ കൃഷ്‌ണകുമാർ. വെറൈറ്റി മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷ്‌ണകുമാർ ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
അഹാനയുടെ ഏറ്റവും അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് കൃഷ്‌ണകുമാർ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
'മക്കളുടെ വിവാഹത്തിന്റെ കാര്യത്തിൽ എനിക്ക് വലിയ നിർബന്ധങ്ങളൊന്നുമില്ല. ഞങ്ങളുടെ വീടിന്റെ ചരിത്രം നോക്കിയാൽ എന്റെ അച്ഛനായിരുന്നു വീട്ടിലെ ഏറ്റവും മൂത്തയാൾ. പക്ഷേ, ഏറ്റവും അവസാനം കല്യാണം കഴിച്ചതും അച്ഛനാണ്. അതുകൊണ്ട് കല്യാണം എന്നത് വളരെ നാച്യുറലായ ഒരു കാര്യമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. ആർക്ക് എപ്പോൾ വേണമെന്ന് തോന്നുന്നുവോ അവർക്ക് അപ്പോൾ അത് ചെയ്യാം. ദിയ വന്നു പറഞ്ഞു. അച്ഛാ എനിക്ക് കല്യാണം കഴിക്കണം. ചെറിയ ഒരു കല്യാണം മതി, നൂറു പേരെ വിളിച്ചാ മതിയെന്ന്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് അച്ഛനും അമ്മയും ഒന്നും ചെലവാക്കണ്ട എല്ലാം ഞങ്ങൾ തന്നെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞപ്പോഴാണ്'- കൃഷ്‌ണ കുമാർ പറഞ്ഞു.
വിവാഹത്തെക്കുറിച്ച് ദിയ പിന്നീട് പറഞ്ഞതൊന്നും താൻ ശ്രദ്ധിച്ചില്ലെന്നും വിവാഹത്തിന് തന്റെ ഭാഗത്ത് നിന്നും ഒന്നും ചെലവാക്കണ്ടല്ലോയെന്ന ആശ്വാസമായിരുന്നു തനിക്കെന്നും കൃഷ്‌ണകുമാർ തമാശയായി പറയുന്നു. മറ്റ് മക്കളോട് ഇങ്ങനെ വേണം നിങ്ങളും ചെയ്യാനെന്ന് നിർദേശം നൽകിയെന്നും കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.
'അഹാന കഴിഞ്ഞ ദിവസം താൻ കല്യാണം കഴിക്കാൻ പോകുന്നുവെന്ന് ഒരു മെസേജ് അയച്ചിരുന്നു. അപ്പോൾ ഞാനവളോട് പറഞ്ഞത് മറ്റേ കാര്യം ഓർമ്മയുണ്ടല്ലോയെന്നാണ്. ബാക്കിയെല്ലാം ശരിയാണ്. ബാക്കി ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ദിയയുടെ വിവാഹം സ്വന്തം ചെലവിലാണ് നടന്നതെന്നാണ് ഞാൻ അവളെ ഓർമ്മിപ്പിച്ചത്. സത്യത്തിൽ വിവാഹക്കാര്യം വീട്ടിൽ വന്ന് ഔദ്യോഗികമായി അവതരിപ്പിക്കേണ്ട കാര്യം ഞങ്ങളുടെ മക്കൾക്കില്ല. കാരണം, അവർ വിവാഹം കഴിക്കാൻ പോകുന്നവരൊക്കെ നേരത്തെ തന്നെ ഞങ്ങളുടെ വീട്ടിൽ വരുന്നവരും ഞങ്ങൾക്ക് പരിചയം ഉള്ളവരുമാണ്. എന്റെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. അന്ന് ഞാൻ സിന്ധുവിനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു'- കൃഷ്‌ണകുമാർ പറഞ്ഞു.
നിമിഷിന്റെ അച്ഛൻ രവിയുമായുള്ള 35 വർഷം നീണ്ട പരിചയത്തെക്കുറിച്ചും കൃഷ്‌ണകുമാർ സംസാരിച്ചു. സിനിമയിൽ പ്രൊഡ്യൂസറായിരുന്ന അദ്ദേഹത്തിന് ധാരാളം നഷ്‌ടങ്ങളുണ്ടായിട്ടുണ്ടെന്നും അന്നത്തെ കഷ്‌ടപ്പാടുകൾക്ക് ദൈവം കൊടുത്ത അനുഗ്രഹമാകാം നിമിഷിന്റെ വിജയങ്ങളെന്നും കൃഷ്‌ണകുമാർ പറഞ്ഞു. നിമിഷ് ഹംബിളും സിമ്പിളുമായത് അച്ഛനമ്മമാരുടെ ക്വാളിറ്റിയാകാമെന്നും കൃഷ്‌ണകുമാർ പ്രശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |