SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.00 PM IST

'ശ്രീനിവാസനെ ചിതയിലേക്ക് എടുക്കുമ്പോൾ ഒരാൾ വന്ന് കെട്ടിപ്പിടിച്ചു, അയാൾ ദൂരെയുളള ഒരാളോട് ​ ഫോട്ടോ എടുക്കാൻ ആംഗ്യവും കാണിച്ചു'

sathyan-anthikkad

സെലിബ്രിറ്റികളോ സാധാരണക്കാരോ ആയിക്കോട്ടേ,​ അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചുകയറി റീൽസ് എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വിളമ്പുന്നത് സംസ്കാര സമ്പന്നതയല്ല, വെറുമൊരു അശ്ലീല പ്രവൃത്തിയാണ്. ലൈക്കും ഷെയറും കിട്ടാനുള്ള ഈ കാട്ടിക്കൂട്ടലുകൾ സാമൂഹിക ജീവിതത്തെതന്നെ അലങ്കോലമാക്കുന്നു. നടൻ ശ്രീനിവാസന്റെയും ഏറ്റവുമൊടുവിൽ സലിംകുമാറിന്റെയും മരണാനന്തര ചടങ്ങുകളിൽ ഇത് നാം കണ്ടതാണ്. സലിംകുമാറിന്റെ മകൻ ചന്തു പ്രകടിപ്പിച്ച കോപം സമൂഹ മന:സാക്ഷിയെ ഉണർത്തുന്നതാണ്. ഇതിനു പിന്നാലെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന റീൽസുകാരെ നിലയ്ക്കു നിറുത്താൻ പൊലീസ് ഒരുങ്ങുന്നത് തികച്ചും സ്വാഗതാർഹം. ഇതേക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പ്രതികരിക്കുന്നു.


'മരിക്കുന്നതിന് മുൻപ് ശ്രീനിവാസൻ സ്വകാര്യസംഭാഷണത്തിൽ എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതിലൊന്ന് പൊതുദർശനത്തിന് വയ്ക്കാൻപാടില്ല എന്നതായിരുന്നു. പക്ഷേ, നിരവധി ആരാധകർ കാണാൻ ആഗ്രഹിച്ചിരുന്നതു കൊണ്ട് നിവൃത്തിയില്ലാതെ കുറച്ചുനേരം പൊതുദർശനത്തിന് വയ്ക്കേണ്ടി വന്നു. മരണവീട്ടിൽ ബന്ധുക്കളാരാണ് സുഹൃത്തുക്കളാരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ മൊബൈൽഫോൺ കൊണ്ടുളള അറ്റാക്കാണ് യുട്യൂബേഴ്സ് നടത്തുന്നത്.

വൈകാരികത നിറഞ്ഞ ആ സമയത്ത് നമുക്ക് പ്രതികരിക്കാൻ കഴിയാത്ത നിലയിലാകും. ശ്രീനിവാസന്റെ മൃതശരീരം ചിതയിലേക്ക് എടുക്കുന്ന സമയത്ത് എന്റേയും ധ്യാൻ ശ്രീനിവാസന്റേയും തൊട്ടടുത്തു നിന്ന് ഞങ്ങളെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ ഒരാൾ കെട്ടിപ്പിടിച്ചു. എന്നിട്ട് ദൂരെയുളള ഒരാളോട് ഫോട്ടോ എടുത്തുകൊളളാൻ ആംഗ്യം കാണിച്ചു. ഇത്തരം സാഹചര്യത്തിൽ അവരെ തള്ളിമാറ്റാൻ കഴിയുന്ന മാനസികാവസ്ഥയിലല്ലല്ലോ നമ്മൾ. അത്രമാത്രം നിസഹായാവസ്ഥയിലായിപ്പോകും.

സലിംകുമാറിന്റെ വീട്ടിലുണ്ടായ ഓൺലലൈൻ മാദ്ധ്യമങ്ങളുടെ ഇടപെടലിന്റെയും കൂടി പശ്ചാത്തലത്തിൽ ഇത്തരം യുട്യൂബേഴ്സിനെതിരെയുളള നിയമനടപടികൾ വളരെ അനിവാര്യമായിരിക്കുകയാണ്. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് ഇവരുടെ ഇടപെടൽ. അനുവാദമില്ലാതെ ഒരു മനുഷ്യനും ഇത്തരം സ്ഥലങ്ങളിലേക്ക് വരാൻ പാടില്ല. അത് കർശനമായിപാലിക്കപ്പെടണം. മരണവീട്ടിലെ ആളുകളും അതിന് ജാഗ്രത പാലിക്കണം. എന്റെ അറിവിൽ, കോടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ ഇത്തരം സംഭവങ്ങളില്ലാതെ അത് സഖാക്കൾ തന്നെ നിയന്ത്രിച്ചു. അങ്ങനെ ചെയ്യാൻ പറ്റും. പേടിയുണ്ടായാൽ മതി.

നടപടിയെടുക്കുമെന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പൊലീസ് ഇതൊരു ദൗത്യമായി ഏറ്റെടുക്കണം. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും സർക്കാരിന്റെ തലപ്പത്തുളളതിനാൽ പ്രതീക്ഷയുണ്ട്. അവർക്ക് ഇതുചെയ്യാനാകും. ഇനിയെങ്കിലും ഒരു സെലിബ്രിറ്റിയുടെ മുന്നിലേക്ക് മൊബെെൽഫോൺ കൊണ്ടുള്ള യുട്യൂബേഴ്സിന്റെ വരവ് ഇല്ലാതാക്കണം.'

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, SATHYAN ANTHIKKAD, SRINIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY