
മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃതാസുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും തുടർന്നുള്ള വിവാഹമോചനവുമെല്ലാം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് സംഗീതസംവിധായകൻ ഗോപിസുന്ദറുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഒരു വർഷത്തോളം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളു. പരസ്‌പരസമ്മതത്തോടെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ, വിവാഹത്തോടുള്ള തന്റെ കാഴ്‌ചപ്പാടുകളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അമൃതാസുരേഷ്.
ഒരു പങ്കാളിവേണമെന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും ഇനിയൊരു വിവാഹത്തിന് താൽപര്യമില്ലെന്നാണ് അമൃത പറയുന്നത്. ആദ്യ വിവാഹത്തിന്റെ ട്രോമ ഉള്ളിലുള്ളതുകൊണ്ട് വിവാഹം എന്ന ആശയം അംഗീകരിക്കാനാകുന്നില്ലെന്ന് അമൃത പറഞ്ഞു. പത്തൊൻപതാം വയസിൽ വിവാഹം കഴിഞ്ഞത് ജ്യോത്സ്യന്റെ നിർദേശപ്രകാരമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
'നേരത്തെ വിവാഹം കഴിച്ചതുകൊണ്ടുള്ള ഗുണം എന്റെ മകളിപ്പോൾ ടീനേജറാണെന്നതാണ്. അവൾ എന്റെയും അഭിയുടെയും സുഹൃത്തിനെപ്പോലെയാണ്. മുംബയിൽ നിന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു. അതറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നായിരുന്നു. പ്രപ്പോസലിന്റെ കാര്യം പപ്പുവിനോട് പറഞ്ഞപ്പോൾ മമ്മി പോയി ട്രൈ ചെയ്‌തിട്ട് വാ എന്നായിരുന്നു മറുപടി. വിവാഹം കഴിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പക്ഷേ ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് ആക്‌സപ്റ്റ് ചെയ്യാൻ കഴിയാത്തത്'- അമൃത സുരേഷ് പറഞ്ഞു.
പതിനെട്ടാമത്തെ വയസിൽ നടൻ ബാലയുമായി അമൃതാസുരേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പത്തൊൻപതാമത്തെ വയസിലായിരുന്നു കല്യാണം. ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ആ പ്രായത്തിൽ വിവാഹം കഴിച്ചതെന്നും അമൃത പറയുന്നു. ആശ്രമവും മറ്റും ചുറ്റിപ്പറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു താൻ നയിച്ചിരുന്നതെന്നും റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനുശേഷമാണ് കൂടുതൽ ആളുകളെ കാണാനും പരിചയപ്പെടാനും തുടങ്ങിയതെന്നും താരം പറഞ്ഞു. ആരെങ്കിലും ചെറുതായി സ്‌നേഹം കാണിച്ചാൽപോലും അതിൽ വീണുപോകുന്ന ആളായിരുന്നു താനെന്നും അമൃത കൂട്ടിച്ചേർത്തു.
ലവ് ബോംബിംഗ് തന്റെ പ്രണയത്തിൽ വലിയൊരു ഘടകമായിരുന്നെന്നും അമൃത പറയുന്നു. താൻ സംഗീതത്തെ സ്‌നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെട്ടുള്ള കുറെയധികം വാഗ്‌ദാനങ്ങൾ ലവ് ബോംബിങ്ങിനൊപ്പം ഉണ്ടായിരുന്നെന്നും അമൃത പറഞ്ഞു. രഞ്ജിനി ഹരിദാസിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |