
മലയാളത്തിൽ ഒരുപിടി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ നൽകിയ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത മുഴുനീള ചിത്രമാണ് ലോ ആൻഡ് ഓർഡർ. സൂപ്പർതാര ചിത്രങ്ങളുടെ സംവിധായകനായ രഞ്ജിത്ത് ഇത്തവണ വൻതാരങ്ങളില്ലാതെ താരതമ്യേന പുതുമുഖങ്ങളെ വച്ചാണ് ലോ ആൻഡ് ഓർഡർ ഒരുക്കിയിരിക്കുന്നത്. തുടരും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മ നായകനാകുന്ന ചിത്രത്തിൽ അഭിരാമിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത്തിന്റെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സത്യം സിനിമാസ്, മഹാസുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാസുബൈറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ക്രമസമാധാനം കാക്കുന്ന പൊലീസുകാരും നിയമലംഘകരും തമ്മിലുള്ള പോരാട്ടമാണ് ലോ ആൻഡ് ഓർഡർ പറയുന്നത്. പതിവ് പ്രമേയവും ട്രീറ്റ്മെന്റും ആണെങ്കിലും സമകാലീന സംഭവങ്ങളും കൂടി കൂട്ടിച്ചേർത്ത് പുതിയ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഉദയ കൃഷ്ണ തന്റെ പതിവ് ശൈലിയിലാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്.
സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന ഡിവൈ.എസ്.പി ബാലഗോപാൽ. വേണുഗോപാലിന്റെ ഭാര്യ അഡ്വ. വേണിയായി അഭിരാമി എത്തുന്നു. ഭാര്യയും മകനും അടങ്ങുന്ന വേണുഗോപാലിന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ഒരു സംഭവത്തിനെ കുറിച്ചുള്ള തുടരന്വേഷണം ചെന്നെത്തുന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കാണ്. അവിടെ ബാലഗോപാലിന് സഹായികളായി എത്തുന്നത് ട്രെയിനിംഗ് കഴിഞ്ഞ് എസ്.ഐമാരായി ജോലിയിൽ പ്രവേശിച്ച അഞ്ച് യുവ പൊലീസുകാരാണ്. സമകാലീന സമൂഹം ഇന്ന് നേരിടുന്ന മയക്കുമരുന്നും രാസലഹരിയും അടങ്ങുന്ന ലഹരിമാഫിയക്കെതിരെയായിരുന്നു ഇവരുടെ പോരാട്ടം. ആ പോരാട്ടത്തിന്റെ ക്ലൈമാക്സിൽ കാരിക്കാമുറി ഷൺമുഖൻ കൂടി ചേരുമ്പോൾ ചിത്രം തിയേറ്ററിൽ ആവേശം സൃഷ്ചടിക്കുന്നു. പൊലീസ് പണി തുടങ്ങിയാൽ ശത്രുക്കളുടെ പുക കണ്ടേ മടങ്ങു എന്നും ചിത്രം ചൂണ്ടിക്കാണിക്കുന്നു.

മാസ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തൽ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഫീനിക്സ് പ്രഭു. പി.സി. സ്റ്റണ്ട്,, മാഫിയ ശശി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും ചിത്രത്തെ ചടുലമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എടുത്തു പറയേണ്ട മറ്റൊന്നാണ് ബിജിപാലിന്റെ പശ്ചാത്തല സംഗീതം. കാരിക്കാമുറി ഷൺമുഖനെ അവതരിപ്പിക്കുമ്പോൾ ബ്ലാക്കിലെ 'അമ്പലക്കര തെച്ചിക്കാവിലെ' എന്ന ഗാനം സമർത്ഥമായാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം നൽകിയിരിക്കുന്നു.
തുടരും എന്ന ചിത്രത്തിലെ ജോർജ് സാറിൽ നിന്ന് അടിമുടി വ്യത്യസ്തമായാണ് പ്രകാശ് വർമ്മയുടെ ബാലഗോപാലിനെ അവതരിപ്പിച്ചിരിക്കുന്നത്. യുവ എസ്.ഐമാരായി ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മക്കിൾ, സജൽ സുദർശൻ എന്നിവർ അവരുടെ വേഷം ഭംഗിയാക്കി. ആക്ഷൻ രംഗങ്ങളിലും ഇവർ മികച്ചുനിന്നു. പ്രഹ്ലാദ് പരേക്ക് അഥവാ പച്ച എന്ന വില്ലൻ കഥാപാത്രമായി ഷേർഷ ഷെരീഫ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പടവീടൻ കുടുംബത്തിൽ നിന്നുള്ള ഡെന്നി പടവീടൻ എന്ന വക്കീലായി ബോബി കുര്യനും തിളങ്ങി. വി.കെ. പ്രകാശ്, ദേവൻ, ആനന്ദ് മൻമഥൻ, ഭീമൻ രഘു, സുരേഷ് കൃഷ്ണ, നന്ദു, ശങ്കർ രാമകൃഷ്ണൻ, ഗായത്രി അശോക്, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു എന്നിവരും ചിത്രത്തിലുണ്ട്.
അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നും ക്ലൈമാക്സ് പോലും എന്തായിരിക്കുമെന്നും പ്രവചിക്കാൻ കഴിയുന്ന കഥ. എന്നാൽ ആ കഥയെ മാസ് ചേരുവകളും അല്പം വൈകാരികതയും ആക്ഷനും ചേർത്ത് മാസ് എന്റർടെയ്നറായി മാറ്റിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |