മുംബയ്: ആർത്തവകാലത്തെ കടുത്ത വേദനയെക്കുറിച്ചുള്ള തന്റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സ്കൂൾ പഠനകാലത്ത് ഓരോ മാസവും ആർത്തവവേദനയെ തുടർന്ന് ബോധംകെടുകയും ഛർദ്ദിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്തിരുന്നുവെന്ന് ശ്രുതി പറഞ്ഞു. സോഹ അലിഖാന്റെ ‘ഓൾ എബൗട്ട് ഹെർ’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
13-ാം വയസിലാണ് ആദ്യമായി ആർത്തവം ഉണ്ടായതെന്ന് ശ്രുതി പറഞ്ഞു. ആർത്തവ ദിനങ്ങളിൽ കടുത്ത വയറുവേദന അനുഭവപ്പെടുമായിരുന്നു. അമ്മ സരികയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നതിനാൽ തനിക്ക് ഇത്രയും കടുത്ത വേദനയുണ്ടാകുന്നതിൽ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ശ്രുതി ഓർത്തെടുത്തു.
സ്കൂളിൽ വച്ച് വേദന സഹിക്കാനാകാതെ ബോധംകെടുകയും ഛർദ്ദിക്കുകയും തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതും പതിവായിരുന്നു. ഐവി ഫ്ളൂയിഡ്സും വേദനസംഹാരികളും സ്ഥിരമായി നൽകാറുണ്ടെന്നും കുറഞ്ഞ ശരീരഭാരത്തെത്തുടർന്ന് വിളർച്ച ഉണ്ടായതായും താരം പറഞ്ഞു. ആർത്തവവേദന കാരണം സിനിമാ സെറ്റുകളിലെ ജോലിയും പലപ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു.
ഡാൻസ് ചെയ്യുകയോ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുകയോ ചെയ്യുന്നതിനിടെ വേദന കൂടുമ്പോൾ കാരവാനിലേക്ക് പോയി ഛർദ്ദിക്കുകയും വേദനസംഹാരികൾ കഴിക്കുകയും ചെയ്യുമായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെത്തുടർന്ന് കാഴ്ച മങ്ങിയ അവസ്ഥയും തലയിൽ ഭാരം പോലെയും അന്ന് അനുഭവപ്പെട്ടിരുന്നു.
2020ൽ ഡോക്ടർ ധൃപ്തി ദേധിയയുടെ നിർദേശപ്രകാരം ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ വേദനയിൽ ഏകദേശം 60 ശതമാനം കുറവുണ്ടായതായി ശ്രുതി പറഞ്ഞു. നേരത്തെ ഇത്തരം ഗുളികകൾ ഉപയോഗിച്ചിരുന്നെങ്കിലും വയറുവീക്കവും കടുത്ത വൈകാരിക മാറ്റങ്ങളും ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ കാരണം അവ തുടരാനായില്ല.
കൊവിഡ് കാലത്ത് മുംബയിൽ നിന്ന് ഹൈദരാബാദിലേക്ക് ഒറ്റയ്ക്ക് മാറിത്താമസിച്ചിരുന്ന സമയത്ത് ഗുളികകൾ ഉപയോഗിക്കാതിരുന്നതിനാൽ വേദന വീണ്ടും രൂക്ഷമായ അനുഭവവും ശ്രുതി പങ്കുവച്ചു. വേദന കാരണം പടികളിൽ വച്ച് ബോധം നഷ്ടപ്പെടുന്നതിന് തൊട്ടടുത്തെത്തിയ അനുഭവം പോലുമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം മറ്റൊരു നോൺ-ഹോർമോണൽ ഗുളിക ഉപയോഗിച്ചതോടെ വേദന നിയന്ത്രിക്കാൻ കുറച്ചെങ്കിലും സഹായമായതായി ശ്രുതി വ്യക്തമാക്കി. എന്നാൽ ആർത്തവം വൈകുക, അണ്ഡാശയത്തിൽ സിസ്റ്റ് രൂപപ്പെടാനുള്ള സാദ്ധ്യത തുടങ്ങിയ പാർശ്വഫലങ്ങളും അതിനുണ്ടായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. പിസിഒഎസ്, എൻഡോമെട്രിയോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ശ്രുതി ഹാസൻ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.
Actress Shruti Haasan shared her struggles with severe menstrual pain on Soha Ali Khan's podcast. She recounted fainting, vomiting, and needing hospitalization during school. The pain significantly impacted her work and daily life, leading to heavy painkiller use. She found some relief with contraceptive pills, though other medications had side effects.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |