SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വിമത നീക്കങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ: അധികാരമോഹികളെ ജനം തിരിച്ചറിയും

mv-govindan

കോഴിക്കോട്: ജി. സുധാകരനടക്കം പ്രമുഖ നേതാക്കളുടെ ഇറങ്ങിപോക്ക്. കേരളത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ പാർട്ടിക്കുള്ളിലെ കലാപം. ആരോപണങ്ങളും ആക്ഷേപങ്ങളും അനവധി. പക്ഷേ ഇതിലൊന്നും സി.പി.എമ്മും എൽ.ഡി.എഫും കുലുങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നു. ഈ പാർട്ടി ഇതുവരെ ആരേയും പേടിച്ചിട്ടില്ലെന്ന ഒറ്റവാചകത്തിലുണ്ട് എല്ലാം. എം.വി. ഗോവിന്ദൻ കേരളകൗമുദിയോട് രാഷ്ട്രീയം പറയുന്നു.

 ഗോവിന്ദൻ മാഷ് ചൂരലെടുക്കേണ്ടിവരുമോ, കംപ്ലീറ്റ് കുഴപ്പമാണല്ലോ ?

ആർക്ക് കുഴപ്പം. കുഴപ്പമുണ്ടാക്കാൻ നോക്കുന്ന നിങ്ങൾക്കല്ലേ പ്രശ്‌നം. കേരളത്തിൽ സി.പി.എമ്മിലോ എൽ.ഡി.എഫിലോ ഒരു പ്രശ്‌നവുമില്ല.

 ഇത്രയും വിവാദമുള്ളപ്പോഴും എങ്ങനെയാണ് ഭരണത്തുടർച്ച അവകാശപ്പെടുന്നത് ?

അവകാശമല്ല. ജനം 10 വർഷം അനുഭവിച്ച നന്മയുടെ പ്രതിഫലനമാണ് മൂന്നാം ഇടത് സർക്കാർ. ഓരോന്ന് എണ്ണിപ്പറഞ്ഞാൽ എന്തിനാണ് ചെയ്തകാര്യങ്ങൾ പറയുന്നത്, ഞങ്ങൾക്കറിയില്ലേ എന്ന് ജനം ചോദിക്കും. നിങ്ങൾ മാദ്ധ്യമപ്രവർത്തകർ കഴിഞ്ഞ തവണത്തെ ഇടതു പക്ഷത്തിന്റെ പ്രകടന പത്രിക പരിശോധിക്കണം. എന്തൊക്കെ നടപ്പിലാക്കി, എവിടെയൊക്കെ കല്ലിട്ടുപോയിയെന്ന വിവരം പുറത്തുവിടണം. പറഞ്ഞത് ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. ഇടത് മുന്നണിയും.

 ജി. സുധാകരനെയും ടി.കെ. ഗോവിന്ദനെയും കണ്ടില്ലെന്ന് നടിക്കാനാകുമോ ?

ആർക്ക് പ്രതിസന്ധി. എൽ.ഡി.എഫിലോ സി.പി.എമ്മിലോ പ്രതിസന്ധിയില്ല. പ്രതിസന്ധിയുള്ളത് അവർക്കാണ്. അവരൊക്കെ സ്വതന്ത്രന്മാരാണെന്ന് ആരുപറഞ്ഞു. എല്ലാവരും യു.ഡി.എഫല്ലേ. ഇത്രയും കാലം നഖശിഖാന്തം എതിർത്ത കോൺഗ്രസുകാരുടെ കൂട്ടിൽ കയറി അധികാരമോഹവുമായി നടക്കുന്നവരെ ജനം തിരിച്ചറിയും. പാർട്ടിയിൽ അർഹമായ എല്ലാപരിഗണനയും സ്ഥാനമാനങ്ങളും കിട്ടിയവരാണ് എല്ലാവരും. നിർണായക തിരഞ്ഞെടുപ്പ് വരുമ്പോൾ മറുകണ്ടം ചാടി. സുധാകരനോടും കുടുംബത്തോടുമൊക്കെ കോൺഗ്രസ് ചെയ്‌ത അപരാധങ്ങളൊക്കെ ഇത്രവേഗം മറന്നുപോയോ..?

 കണ്ണൂരിൽ മാത്രം രണ്ടുപേർ, പിന്നെ സുധാകരൻ, ഗോവിന്ദൻ, ശശി, സുരേഷ്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ തലവേദനയായില്ലേ ?

അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഒരുവീട്ടിൽ നിന്ന് കുറച്ചുപേർ പോകുമ്പോൾ സ്വാഭാവികമാവും പ്രയാസങ്ങളുണ്ടാവും. ഇണക്കിചേർക്കാൻ പരിശ്രമിക്കും. പക്ഷേ അവർക്കെല്ലാം കൊടുക്കാൻ ഇവിടെ സീറ്റില്ലല്ലോ. കമ്മ്യൂണിസ്റ്റുകാർ സീറ്റിനുവേണ്ടിപോരാടിയാൽ എന്തുചെയ്യും. എല്ലാവരേയും ചേർത്തു നിറുത്തിപോവുകയാണ് പാർട്ടി തീരുമാനം. പക്ഷെ ചർച്ചകളിലൊന്നും അവർ വഴങ്ങിയില്ല. സ്ഥാനമാനങ്ങളാണ് എല്ലാവർക്കും പ്രശ്‌നം. അവരുടെയും ഞങ്ങളുടേയും ജീവിതത്തിന്റെ ഭാഗമാണ് ഈ പാർട്ടി. പാർട്ടിക്കപ്പുറത്ത് ഒരുജീവിതം കമ്മ്യൂണിസ്റ്റുകാർക്കില്ല.


 ഭർത്താവ് പോകുമ്പോൾ ഭാര്യ, തളിപ്പറമ്പിലെ സീറ്റ് വലിയ വിവാദത്തിലാണല്ലോ ?

പി.കെ. ശ്യാമള എന്റെ ഭാര്യയായതാണോ അവർക്കുള്ള അയോഗ്യത. 40വർഷമായി പാർട്ടിയുടെ ഭാഗമല്ലേ അവർ. ഞാനവർക്ക് സീറ്റ് വേണമെന്ന് ഏതെങ്കിലും പാർട്ടി കമ്മിറ്റികളിൽ ആവശ്യപെട്ടിട്ടുണ്ടോ. സ്ത്രീവിരുദ്ധമല്ലേ ഇത്തരം ആരോപണങ്ങൾ. ഒരു സ്ത്രീ മത്സരിക്കുമ്പോൾ ഭർത്താവിന്റെ പേരുപറഞ്ഞ് അവരെ മാറ്റി നിർത്തുന്നത് ഫ്യൂഡൽ മനോഭാവമല്ലേ. അവരവിടെ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും.

 പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അഗമായ ടി.കെ.ഗോവിന്ദൻ ചില്ലറക്കാരനാണോ ?

ആരേയും പാർട്ടി ചെറുതായിക്കാണുന്നില്ല. പാർട്ടിക്ക് പുറത്ത് പോയൊരാൾ പാർട്ടിയിലും അണികൾക്കിടയിലും വോട്ടർമാർക്കിടയിലും ഇല്ല. അദ്ദേഹം യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. തളിപ്പറമ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ഒരു പേടിയുമില്ല.

 എത്രസീറ്റാണ് പ്രതീക്ഷിക്കുന്നത് ?

കഴിഞ്ഞ തവണത്തെ സീറ്റിന്റെ എണ്ണം പറയേണ്ടതില്ലല്ലോ. അതിലും മികച്ച മുന്നേറ്റമുണ്ടാകും. സി.പി.എം വിട്ട് സ്വതന്ത്രരെന്ന വ്യാജേന രംഗത്തിറങ്ങിയവരെല്ലാം കൂപ്പുകുത്തും. മൂന്നാം ഇടത് സർക്കാർ ഉറപ്പാണ്.

 മന്ത്രിസഭയെ പിണറായി തന്നെ നയിക്കുമോ?

തിരഞ്ഞെടുപ്പിനെ പിണറായി നയിക്കും. മന്ത്രിസഭയുടെ കാര്യം പിന്നീട്.

 കെ.സുധാകരൻ സ്വതന്ത്രനായാൽ സി.പി.എം പിന്തുണക്കുമോ...?

സുധാകരൻ ഇറങ്ങട്ടെ. അപ്പോൾ നോക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MV GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA