SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

ത്രികോണപ്പോരിൽ കലങ്ങി പൂഞ്ഞാർ

poonjar

കോട്ടയം: പ്രളയത്തിൽ കലങ്ങിയൊഴുകിയ മീനച്ചിലാർ പോലെയാണ് പൂഞ്ഞാറിലെ ത്രികോണപ്പോര്. പി.സി. ജോർജിന്റെ സാന്നിദ്ധ്യമാണ് ആ ത്രികോണപ്പോരിന്റെ ആണിക്കല്ല്. നിശബ്ദമായ അടിയൊഴുക്കാണ് പൂഞ്ഞാറിൽ വിധി നിർണയിക്കുക.

ക‌ർഷക പ്രശ്‌നങ്ങളും മതസാമുദായിക വിഷയങ്ങളും ഒരുപോലെ പൂഞ്ഞാറിൽ ചർച്ചയാകുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലും, കോൺഗ്രസിലെ എം.ജെ.സെബാസ്റ്റ്യനും, ബി.ജെ.പിയുടെ പി.സി. ജോർജും നേർക്കുനേർ മത്സരിക്കുന്നു. ദീർഘകാലം പി.സി. ജോർജിന്റെ വ്യക്തിപ്രഭാവത്തെ ചുറ്റിപ്പറ്റിയായിരുന്നു പൂഞ്ഞാർ രാഷ്ട്രീയം.

മുന്നണികൾ മാറിയും സ്വതന്ത്രനായും മത്സരിച്ചപ്പോഴെല്ലാം ജോർജിനെ ജനം ചേർത്തുനിറുത്തി. കുടിയേറ്റ കർഷകരുടെ സംരക്ഷകനെന്ന പ്രതിച്ഛായിലായിരുന്നു ഈ വിജയങ്ങൾ. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകളും പ്രകോപന പ്രസംഗങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളെ അടിമുടി മാറ്റി. പി.സി. ജോർജിനെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് അദ്ദേഹത്തെ തോൽപ്പിക്കുക മാത്രമായി ലക്ഷ്യം.

കഴിഞ്ഞതവണ ഒറ്റയ്‌ക്ക് പൊരുതിയ പി.സി. ജോർജിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വീഴ്‌ത്തി. 58,668 വോട്ടുകൾ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ലഭിച്ചപ്പോൾ കേരള ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജ് നേടിയത് 41,851 വോട്ട്. 2016ൽ സ്വതന്ത്രനായി മത്സരിച്ച പി.സി 63,621 വോട്ട് നേടിയിരുന്നു.

ഇത്തവണ താമര ചിഹ്നത്തിൽ മത്സരിക്കുന്ന പി.സി.ജോർജ് തന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലായിരിക്കുമെന്നാണ് പറയുന്നത്. പി.സിയുടെ വരവ് പൂഞ്ഞാറിൽ ബി.ജെ.പിക്ക് ഗുണകരമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബി.ജെ.പി പിടിച്ചു. വിവിധ പഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നു.

എന്നാൽ അഞ്ചുവർഷം 300 കോടിയുടെ വികസനം പൂഞ്ഞാറിൽ നടപ്പാക്കിയത് വോട്ടാകുമെന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിശ്വാസം. 25-ാം വയസിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി തുടങ്ങിയ എം.ജെ. സെബാസ്റ്റ്യന് വിവിധ സാമുദായിക സംഘടനകളുമായുള്ള ബന്ധം തുണയാകുമെന്ന് കരുതുന്നു.

 ഈഴവ വോട്ടുകൾ നിർണായകം

ന്യൂനപക്ഷങ്ങൾ അതിശക്തമെന്ന് പറയാമെങ്കിലും പൂഞ്ഞാറിന്റെ തലവര നിശ്ചയിക്കുക ഈഴവ വോട്ടുകളാണ്. മുഴുവൻ ഗ്രാമീണ മേഖലകളിലും പ്ലാന്റേഷൻ ലേബർ കോളനികളിലും ഈഴവ വിഭാഗത്തിന് ശക്തിയുണ്ട്. ഈഴവ വിഭാഗത്തെ മറന്ന് മണ്ഡലത്തിൽ ഒരു മുന്നണിക്കും വിജയിക്കാനാകില്ല. പി.സി. ജോർജിനെയും യു.ഡി.എഫിനെയും തുണച്ചിരുന്ന മുസ്ലിം വിഭാഗം കഴിഞ്ഞ തവണ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പമായിരുന്നു. ഇക്കുറി മുസ്ളിം വിഭാഗം ആർക്കൊപ്പമെന്ന് വ്യക്തമാക്കിയിട്ടില്ല. എഫ്.സി.ആർ.എ വിഷയം ഇടത്-വലത് മുന്നണികൾ സജീവാക്കുന്നുണ്ട്. ഇതുസംബന്ധിച്ച പി.സി.യുടെ പ്രതികരണവും വിവാദമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POONJAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA