
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിലും ഭരണനേതൃത്വത്തിലും ഉന്നത സ്വാധീനമുള്ള ഉന്നതനാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയെന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായ പത്മകുമാറിന്റെ ഈ വെളിപ്പെടുത്തൽ ആത്മകഥയിൽ ഉണ്ടാകുമെന്നാണ് സൂചന.
തന്റെ വീട്ടിലെ യുവതികളാരും ശബരിമല ദർശനത്തിന് പോകില്ലെന്ന് പ്രക്ഷോഭ സമയത്ത് പത്മകുമാർ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അകറ്റിയത്. ഈ ദിവസം ശബരിമലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന അന്നത്തെ ഐജി എസ് ശ്രീജിത്തിനെ സന്നിധാനത്ത് നിന്ന് മാറ്റുകയായിരുന്നു. പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി എത്താൻ ശ്രീജിത്തിന് നിർദ്ദേശം നൽകുകയായിരുന്നു.
2019 ജനുവരി ഒന്നിന് മകരവിളക്ക് തീർത്ഥാടനം നടക്കുമ്പോഴാണ് സംഭവമുണ്ടായത്. അന്ന് പത്മകുമാർ സന്നിധാനത്തേക്ക് പോകുമ്പോൾ അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ ഭരണ നേതൃത്വത്തിലെ ഓഫീസിലെ ഉന്നതൻ ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയിലും ഭരണത്തിലും വലിയ സ്വാധീനമുള്ള ഉന്നതനെ കാണാനായിരുന്നു നിർദ്ദേശം. രാത്രി ഒരു മണിയോടെ തിരുവനന്തപുരത്ത് എത്തി അദ്ദേഹത്തിന്റെ വസതിയുടെ മുന്നിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. തിരുവനന്തപുരത്തേക്ക് എത്തണമെന്ന് നിർദ്ദേശിച്ചയാളെ ഫോൺ വിളിച്ചെങ്കിലും അദ്ദേഹവും ഫോണെടുത്തില്ല.
ഉന്നതൻ രാവിലെ അഞ്ച് മണിക്ക് നടക്കാനിറങ്ങുമെന്നും അപ്പോൾ കാണാമെന്ന് പൊലീസ് അറിയിച്ചു. ശേഷം പത്മകുമാർ തന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് മടങ്ങി. അവിടെ നിന്ന് രാവിലെ അഞ്ച് മണിക്ക് ഇറങ്ങുമുമ്പ് ടിവി നോക്കിയപ്പോഴാണ് യുവതി പ്രവേശനമുണ്ടായ കാര്യം അറിയുന്നത്. ബിന്ദു അമ്മിണി, കനകദുർഗ എന്നിവരാണ് ദർശനം നടത്തിയത്. പിന്നീട് ഉന്നതനെ കണ്ട പത്മകുമാർ ഈ ചതി വേണ്ടായിരുന്നെന്ന് പറഞ്ഞെന്നാണ് വിവരം.
അവിടെ നിന്ന് മടങ്ങിയ പത്മകുമാർ നേരെ നാട്ടിൽ അടുപ്പമുള്ള ഒരാളോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള കത്തുമായാണ് അദ്ദേഹത്തെ കാണാൻ പോയത്. എന്നാൽ രാജിവയ്ക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഭരണനേതൃത്വവുമായി അകൽച്ചയിലേക്ക് കടന്ന അദ്ദേഹത്തെ പിന്നീട് പാർട്ടി ഒതുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |