SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

ബി. അശോകിന് കൃഷിവകുപ്പിൽ തുടരാം, സ്ഥലംമാറ്റിയ  ഉത്തരവ് ​​​​​​​ട്രൈബ്യൂണൽ മരവിപ്പിച്ചു

b-asok

കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും കാർഷികോദ്പാദന കമ്മിഷണറായും തുടരാം.

ഐ.എ.എസ് കേഡറിന് പുറത്തുള്ള തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് താത്കാലികമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) തടഞ്ഞു. സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നാരോപിച്ച് അശോക് നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. ഹരിപാൽ അദ്ധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണൽ പരിഗണിച്ചത്.

സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും അശോകിന് പകരം ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും കാർഷികോദ്പാദന കമ്മിഷണറുടെയും അധികച്ചുമതല നൽകിയെന്നും സർക്കാർ അറിയിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സർക്കാർ നടപടി 1954ലെ അഖിലേന്ത്യാ സർ‌വീസ് ചട്ടങ്ങളുടെയും ഐ.എ.എസുകാരുടെ ഡെപ്യൂട്ടേഷൻ മാർഗനിർദ്ദേശങ്ങളുടെയും ലംഘനമാണെന്നാണ് അശോക് വാദിച്ചത് . എതിർ സത്യവാങ്മൂലം നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചു.വ്യാഴാഴ്ച വിശദമായ വാദം കേൾക്കും.

ബി. അശോകിന്റെ വാദങ്ങൾ

#തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ ഔപചാരികമായി രൂപീകരിക്കുകയോ സ്റ്റാഫ് ഘടന നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. അതിനുമുമ്പാണ് നിർബന്ധിത സ്ഥലംമാറ്റം.

#കമ്മിഷൻ അദ്ധ്യക്ഷപദം പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ പദവിയല്ല.

#ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റുമ്പോൾ ഉദ്യോഗസ്ഥന്റെ സന്നദ്ധത ചോദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല. സുപ്രധാന തസ്തികയിലുള്ളവരെ ഇത്തരത്തിൽ മാറ്റരുതെന്നും ചട്ടമുണ്ട്.

സർക്കാർ തന്ത്രം പാളി

തിരുവനന്തപുരം:അശോകിന്റെ ഹർജി ഇന്നലെ ട്രൈബ്യൂണൽ പരിഗണിക്കാനിരിക്കെ, വ്യാഴാഴ്ച രാത്രി 8.20നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കൃഷി വകുപ്പിൽ നിയമിച്ചത്. ടിങ്കു ബിസ്വാൾ ഡൽഹിയിലായിരുന്നതിനാൽ ചുമതലയേൽക്കാനായില്ല. ഉത്തരവിന്റെ പകർപ്പ് അശോകിന് കൈമാറി ചട്ടപ്രകാരമുള്ള രേഖകൾ ഒപ്പിട്ടു വാങ്ങിയതുമില്ല. അതിനാൽ ചുമതല കൈമാറിയിട്ടില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.

ഇന്നലെത്തന്നെ ഡോ.അശോക് കൃഷിവകുപ്പിലെ ഓഫീസിലെത്തി. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം കേൾക്കാനും എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: B ASOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA