
കൊച്ചി: ഭാരത് സീരിസ് (ബി.എച്ച്) പ്രകാരം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കും കേരള വാഹന നികുതി നിയമ പ്രകാരമുള്ള നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. ഭാരത് സീരീസ് പ്രകാരം വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ. സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
2021 ലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ബി.എച്ച് സീരീസ് നടപ്പാക്കുന്നത്. ബി.എച്ച് രജിസ്ട്രേഷൻ എടുത്ത വാഹനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ അവിടെ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇതിനാൽ ബി.എച്ച് രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര സർക്കാർ ജീവനക്കാർ അടക്കമുള്ള വാഹന ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഇത്തരം രജിസ്ട്രേഷൻ നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഹനിക്കുന്ന നടപടിയാണെന്നു വിലയിരുത്തിയാണ് കേരളം മുഖംതിരിച്ചത്.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫീസുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബി.എച്ച് സീരിസിൽ വാഹനം രജിസ്റ്റർ ചെയ്യാം. രണ്ട് വർഷത്തേക്കാണ് നികുതി അടയ്ക്കേണ്ടത്. എന്നാൽ, കേരളത്തിൽ 15 വർഷത്തേക്കുള്ള നികുതിയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരുടെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു.
കേരള ഹൗസിലെ പ്രതിഷേധം: വി. ശിവദാസൻ
അടക്കം 10 പേരെ വെറുതെ വിട്ടു
ന്യൂഡൽഹി: 2013ലെ സോളാർ സമരക്കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേരള ഹൗസിൽ പ്രതിഷേധം നടത്തിയ കേസിൽ സി.പി.എം നേതാവും രാജ്യസഭാ എം.പിയുമായ വി. ശിവദാസൻ അടക്കം 10 പേരെ വെറുതെ വിട്ടു. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നിതീഷ് നാരായണൻ അടക്കമാണ് കുറ്റവിമുക്തരായത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തിലായിരുന്നു സമരം. കേസിൽ ഇതുവരെ കണ്ടെത്താൻ കഴിയാത്ത 14 പേർക്കെതിരെ അന്വേഷണം തുടരാൻ കോടതി നിർദ്ദേശിച്ചു. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സാക്ഷിമൊഴി നൽകിയിരുന്നു. എന്നാൽ,വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സിൻഹ കോടതിയെ അറിയിച്ചിരുന്നു.
രക്തബന്ധമില്ലാത്തയാളുടെ
വൃക്ക സ്വീകരിക്കാൻ അനുമതി
കൊച്ചി: അടിയന്തരമായി വൃക്ക മാറ്റിവയ്ക്കേണ്ട 20കാരന് രക്തബന്ധമില്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി. അവയവമാറ്റത്തിന് അനുമതി നൽകേണ്ട എറണാകുളം ജില്ലാ സമിതി ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം. നടപടിയെടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കുമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. മലപ്പുറം സ്വദേശി ഉവൈസ് മുഹമ്മദിന്റെ ഹർജിയിലാണ് ഉത്തരവ്.
ഹർജിക്കാരന്റെ പിതാവും വൃക്കരോഗിയാണ്. ഭാര്യയിൽനിന്ന് സ്വീകരിച്ച വൃക്കകൊണ്ടാണ് അദ്ദേഹം ജീവിതം നിലനിറുത്തുന്നത്. ഈ സാഹചര്യത്തിൽ, ആലപ്പുഴ അരൂർ സ്വദേശിയായ യുവതി വൃക്കദാനത്തിന് സന്നദ്ധത അറിയിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി അധികൃതർ മൂന്നു വട്ടം അനുമതി നിഷേധിച്ചു. വൃക്കരോഗം മൂലം ഇളയസഹോദരനെ നഷ്ടപ്പെട്ട യുവതി, ഉവൈസിന്റെ അവസ്ഥയറിഞ്ഞ് സന്നദ്ധത അറിയിക്കുകയായിരുന്നു. അവയവക്കച്ചവട സാദ്ധ്യത സംശയിച്ചാണ് സമിതി അനുമതി നിഷേധിച്ചത്. ഈ കേസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോടതി അനുമതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |