
ആലപ്പുഴ: പാർട്ടിയിലെ വിഭാഗീയതയ്ക്കെതിരെ ആലപ്പുഴ ജില്ലാസമ്മേളന പ്രതിനിധികൾക്ക് താക്കീത് നൽകി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. മേൽഘടകത്തെ വെല്ലുവിളിക്കുംവിധം വിഭാഗീയ പ്രവർത്തനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രൂപ്പ് ചർച്ച ആരംഭിക്കും മുമ്പുതന്നെ പിണറായിയുടെ വിമർശനം. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുതെന്നും ഓർമ്മിപ്പിച്ചു.
പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ്. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ ഏരിയാ കമ്മിറ്റികളെ എടുത്തുപറഞ്ഞായിരുന്നു വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. വോട്ട് ചോർന്നതിൽ താഴെത്തട്ടിൽ പരിശോധനകളും വിലയിരുത്തലും നടക്കുന്നതായി കാണുന്നില്ലെന്ന് നിരീക്ഷിച്ച പിണറായി വലതുപക്ഷ മാദ്ധ്യമങ്ങളെ പ്രതിരോധിക്കണമെന്നും നിർദ്ദേശം നൽകി. സമ്മേളനത്തിന്റെ ഭാഗമായി പിണറായി മൂന്നുദിവസം ഹരിപ്പാട് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘപരിവാർ - യു.ഡി.എഫ്
തുറന്ന സഖ്യമെന്ന് പിണറായി
ഹരിപ്പാട് : സംഘപരിവാറുമായി തുറന്ന സഖ്യത്തിനാണ് യു.ഡി.എഫ് ശ്രമമെന്നും കോ-ലീ-ബി സഖ്യം ജനം മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016ൽ നേമത്തും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും ബി.ജെ.പി വിജയിച്ചത് കോൺഗ്രസ് വോട്ടുകൊണ്ടാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചു. നാലുവോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം എൽ.ഡി.എഫ് കാട്ടില്ല. ആരെയും കൂടെകൂട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയതുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമിയുമായി തുറന്ന സഖ്യത്തിലേക്ക് പോകുന്നത്. ലീഗിന് കോൺഗ്രസിന്റെ ഗതിവരും.
പാലക്കാട് യു.ഡി.എഫിന്റെ വിജയം എസ്.ഡി.പി.ഐയുടെ വിജയമായിട്ടായിരുന്നു ആഘോഷം. സംഘപരിവാർ മാത്രമല്ല മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കും മതാധിഷ്ഠിത രാജ്യമെന്ന കാഴ്ചപ്പാടാണ്. ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ ലീഗ് നിലപാടെടുത്തില്ലെങ്കിൽ അവരുടെ സ്ഥിതി ആത്മഹത്യാപരമായിരിക്കും.
ചില പ്രാദേശിക പാർട്ടികളെ വരുതിയിൽ നിറുത്തിയാണ് ബി.ജെ.പി കേന്ദ്രം ഭരിക്കുന്നത്. സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കേസുകൾ എടുത്ത് കക്ഷികളെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പിന് പിന്നിൽ.
ജി.എസ്.ടി നടപ്പാക്കി സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഇല്ലാതാക്കി. ബി.ജെ.പിയെ പിന്തുണയ്ക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് ഇല്ലാതാക്കി. സമ്പദ്ഘടന തകർത്ത് ഉൻമൂലനം ചെയ്യുന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് മുൻ ഗവർണർ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് നടത്തിയതെന്നും പിണറായി പറഞ്ഞു.
ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം.തോമസ് ഐസക്ക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സജി ചെറിയാൻ, കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം.സ്വരാജ്, പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |