
കണ്ണൂർ: ഇലക്ട്രിക് ഇരുചക്രക്കസേരയിലിരുന്ന് ആകാശത്തോളം സ്വപ്നങ്ങൾ കാണുന്ന അനുദർശിന് അമ്മ കൂടെയില്ലാത്ത ഒരു ലോകമില്ല.
സെറിബ്രൽ പാൾസി അസുഖത്തോടെയുള്ള ജനനം. പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം. ഇപ്പോൾ പയ്യന്നൂർ കോളേജിൽ ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥി. ആസ്‌ട്രോഫിസിസ്റ്റ് ആകാനാണ് ആഗ്രഹം. മകന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി കോളേജ് വരാന്തയിലുണ്ട് അമ്മ ദീപ.
പാതി മുറിഞ്ഞു പോകുന്ന വാക്കുകളിൽ ആത്മവിശ്വാസം നിറച്ച്, ശരീരത്തിനല്ല മനസ്സിനാണ് കരുത്തു വേണ്ടതെന്ന് അനുദർശ് ബോദ്ധ്യപ്പെടുത്തുന്നു.
മകന് സെറിബ്രൽ പാൾസിയാണെന്നറിഞ്ഞപ്പോൾ കരിവെള്ളൂർ ഈയ്യക്കാട്ടെ ദീപയും ഭർത്താവ് പയ്യന്നൂർ കോറോത്തെ ഓട്ടോ ഡ്രൈവർ എൻ.വി. ജനാർദ്ദനനും മകനെ ഹൃദയത്തോട് ചേർത്തു. അച്ഛന്റെ ഓട്ടോയിൽ എത്തിക്കുന്ന അനുദർശിന് അമ്മ ദീപയുടെ കാവൽ അങ്കണവാടി മുതൽ ഇപ്പോൾ കോളേജിലും തുടരുന്നു.
പോളിയോ മാർക്ക് ചെയ്യാൻ വന്ന അങ്കണവാടിയിലെ ടീച്ചർ ദീപയോട് പറഞ്ഞു. ''മോളെ, നീ ഇവനെ ഇവിടെ കിടത്തണ്ട. അങ്കണവാടിയിലേക്ക് വാ... നമുക്ക് അവിടെ ഒരു പായ വിരിച്ചിട്ട് കിടത്താം. മറ്റു കുട്ടികളുടെ കൂടെ കൂടുമ്പോൾ അവനും എന്തെങ്കിലും മാറ്റം ഉണ്ടാകാതിരിക്കില്ല''. അങ്ങനെ തുടങ്ങിയ ജീവിതയാത്രയാണ്. കിടന്നിട്ടായാലും അവൻ മറ്റു കുട്ടികളോട് ഇടപഴകാൻപഠിച്ചു. അങ്കണവാടി കുട്ടികളുടെ എല്ലാ പരിപാടികളിലും അനുദർശിനെയും ഉൾപ്പെടുത്തി.
'' ഒന്നും വ്യക്തമായില്ലെങ്കിലും എന്റെ പാട്ടിന് അന്ന് വലിയ കൈയടിയായിരുന്നു'' അനുദർശ് ഓർക്കുന്നു.
ആദ്യാക്ഷരങ്ങളിലും അമ്മ
അനുദർശ് എഴുതിയ ആദ്യത്തെ കവിതയാണ് 'അമ്മ നിലാവ്'. ആ കവിതയുൾപ്പെടെ 'ആകാശവും നിലാവും അതിനിടയിൽ ഞങ്ങളും' എന്ന കവിതാസമാഹാരം പത്താം ക്ലാസിൽ പഠിക്കുമ്പോൾ പുറത്തിറക്കി. മുത്തപ്പൻ തെയ്യത്തോടാണ് സങ്കടങ്ങൾ പറയാറ്. രചനയും സംഗീതവും നിർവഹിച്ച, 'ഉള്ളിൽ എരിയുന്നൊരഗ്നിയായ് പിടയുന്നു നൊമ്പരം കടലായണയ്ക്കുമെൻ മുത്തപ്പാ' എന്ന ഗാനം മുത്തപ്പൻ ക്ഷേത്രങ്ങളിൽ കേൾപ്പിക്കാറുണ്ട്. മൊബൈൽ ആപ്പിന്റെ സഹായത്താൽ ചിത്രവും വരയ്ക്കും. ഗ്രാഫിക് ഡിസൈനിംഗും വശമുണ്ട്.
എന്നെ പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പരീക്ഷ ദിവസങ്ങളിൽ പുലർച്ചെ 3.30 നൊക്കെ എഴുന്നേറ്റ് പണിയൊക്കെ ഒരുക്കും. ലാബ് വരുന്നതുകൊണ്ട് സയൻസ് എടുക്കുന്നതിൽ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. അദ്ധ്യാപകരും കൂട്ടുകാരും കട്ടയ്ക്ക് കൂടെ നിന്നുഅനുദർശ്
'' ഓരോ നേട്ടത്തിലും അവൻ അഭിമാനിക്കുമ്പോൾ ഹൃദയം നിറയും. അവൻ ആഗ്രഹിക്കുന്നിടത്തോളം കൂടെ സഞ്ചരിക്കും''ദീപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |