SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾ: എം.വി. ഗോവിന്ദൻ വീണ്ടും സെക്രട്ടറി

READ ENGLISH VERSION
cpm

കൊല്ലം: കേരള സി.പി.എമ്മിനെ വീണ്ടും എം.വി. ഗോവിന്ദൻ നയിക്കും. കൊല്ലത്ത് ഇന്നലെ സമാപിച്ച സംസ്ഥാന സമ്മേളനം അടുത്ത മൂന്നു വർഷത്തേക്ക് ഗോവിന്ദനെ (72) സെക്രട്ടറിയായി തിരഞ്ഞെടുത്തു. വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകി 89 അംഗ സംസ്ഥാന കമ്മിറ്റിയും 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു. മന്ത്രി ആർ. ബിന്ദുവിനെ സംസ്ഥാന കമ്മിറ്റിയിൽ എടുത്തപ്പോൾ മന്ത്രി വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കി. കെ.എച്ച്. ബാബുജാനാണ് അഞ്ചംഗ കൺട്രോൾ കമ്മിഷന്റെ ചെയർമാൻ. സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുമാവും. കെ.കെ. ശൈലജയുൾപ്പെടെ സംസ്ഥാന കമ്മിറ്റിയിൽ 12 വനിതകൾ.

അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റിലാണ് മന്ത്രി സ്ഥാനം രാജിവച്ച് എം.വി. ഗോവിന്ദൻ ചുമതലയേറ്റെടുത്തത്. സമ്മേളനത്തിലൂടെ സെക്രട്ടറിയാകുന്നത് ഇതാദ്യം. സംസ്ഥാന കമ്മിറ്റിയിൽ 17 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ, പി.കെ. ശ്രീമതി എന്നിവർ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായപ്പോൾ എം.വി. ജയരാജനും സി.എൻ. മോഹനനും കെ.കെ. ശൈലജയുമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ. മുതിർന്ന അംഗം പി. ജയരാജൻ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയില്ല. ആനാവൂർ നാഗപ്പൻ ഒഴിഞ്ഞതോടെ തലസ്ഥാന ജില്ലയ്ക്ക് സെക്രട്ടേറിയറ്റിൽ പ്രാതിനിദ്ധ്യമില്ലാതായി. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്ന് സെക്രട്ടേറിയറ്റിൽ അഞ്ച് അംഗങ്ങളുണ്ട്.

കരുനാഗപ്പള്ളിയിലെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. വയനാട് മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. കെ. വരദരാജൻ, എം.കെ. കണ്ണൻ, ബേബി ജോൺ, ഗോപി കോട്ടമുറിക്കൽ, പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും ഒഴിവാക്കി. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സെക്രട്ടേറിയറ്റിൽ തുടരും.

മന്ത്രി എം.ബി. രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനം ഒഴിവായി. അഞ്ച് ജില്ലാ സെക്രട്ടറിമാരാണ് സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. എം. രാജഗോപാൽ (കാസർകോട്), കെ. റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനിൽ (മലപ്പുറം), കെ.വി. അബ്ദുൾഖാദർ (തൃശൂർ) എന്നിവർ. ബിജു കണ്ടക്കൈ, ജോൺബ്രിട്ടാസ്, എം. പ്രകാശൻ, വി.കെ. സനോജ് (ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി)​, വി. വസീഫ് (പ്രസിഡന്റ്)​, കെ. ശാന്തകുമാരി, ആർ. ബിന്ദു, എം. അനിൽകുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങൾ.

സെക്രട്ടേറിയറ്റ് അംഗങ്ങൾ

പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA