
കൊല്ലം: പൊട്ടിത്തെറികളോ, അതിരുവിട്ട വിമർശനങ്ങളോ, പഴയകാലത്തെപ്പോലെ വെട്ടിനിരത്തലോ, മത്സരമോ ഒന്നുമില്ലാതെ സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചു. ഇനി നേതാക്കൾ മധുരയിലേക്ക്, ഏപ്രിൽ രണ്ടു മുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ.
ഏകവ്യക്തി കേന്ദ്രീകൃതമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കെന്ന ധാരണയ്ക്കെതിരായ ഒറ്റപ്പെട്ട ശബ്ദങ്ങൾ സമ്മേളന പരിസരങ്ങളിൽ ഉയർന്നെങ്കിലും പിണറായി വിജയനെ ചുറ്രിയുള്ള സൗരയൂഥ സമ്പ്രദായമാണ് കേരള സി.പി.എമ്മിന്റെ ഇപ്പോഴത്തെ അടിത്തറയെന്ന് അടിവരയിടുകയായിരുന്നു കൊല്ലം സമ്മേളനം. കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ തിരിച്ചറിയാൻ സ്റ്റിക്കറൊട്ടിക്കണമെന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഒരു നേതാവ് പറഞ്ഞതുമാത്രമാണ് ചില്ലറ ചർച്ചയ്‌ക്കെങ്കിലും വഴിവെച്ചത്.
ആശാവർക്കർമാരുടെ സമരം, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന രംഗം, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, വർദ്ധിച്ചുവരുന്ന ലഹരി ഭീഷണി തുടങ്ങി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങൾ പൊതുസമൂഹത്തിലുണ്ടായിരുന്നെങ്കിലും ഇതൊന്നും മുഖ്യമന്ത്രിയെയോ പാർട്ടി നേതൃത്വത്തെയോ അടിക്കാനുള്ള വടിയാക്കി ഒരു പ്രതിനിധി പോലും ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമായി. ഇതെല്ലാം ആയുധമാക്കിയാണ് പ്രതിപക്ഷം സർക്കാരിനെ തുടരെ ആക്രമിച്ചുകൊണ്ടിരിക്കുന്നതും.
മന്ത്രിമാർക്കെതിരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായി. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും പല ജില്ലകളും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ പാർട്ടിയുടെ അടിസ്ഥാന നയങ്ങളിൽ പോലും മാറ്റം വരുത്തുന്ന, ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ജനകീയ വിഷയങ്ങൾ ഉൾപ്പെട്ട 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ" എന്ന നയരേഖ വേണ്ടവിധമാണോ പരിഗണിക്കപ്പെട്ടതെന്ന സംശയം ബാക്കി. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാനത്തെ കരകയറ്റാനുള്ള വിഭവ സമാഹാരണമാണ് രേഖയുടെ കാതൽ എന്ന് പാർട്ടി സെക്രട്ടറിയുൾപ്പെടെ ഉദ്ഘോഷിക്കുമ്പോഴും സെസ്, സ്വകാര്യ നിക്ഷേപം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിനിധികൾ അർഹിക്കുന്ന ഗൗരവത്തിൽ കണ്ടോ എന്നതാണ് ചോദ്യം.
ചില നിർദ്ദേശങ്ങളിൽ ആശങ്കകളും അൽപ്പം ചില എതിർപ്പുകളും പ്രകടമായെങ്കിലും അതൊന്നും ആക്രമണ സ്വഭാവമുള്ളതായിരുന്നില്ല. നടപ്പാക്കൽ ഘട്ടത്തിലേക്ക് എത്തുമ്പോൾ പൊതുവിൽ കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് ചില നിർദ്ദേശങ്ങൾ, ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ പുനഃപരിശോധിക്കുമെന്ന് പാർട്ടി സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കിയത്. ചുരുക്കത്തിൽ, തീർത്തും സ്വച്ഛമായ തരത്തിൽ സമാപിച്ച സമ്മേളനമായി സി.പി.എം കൊല്ലം സംസ്ഥാന സമ്മേളനത്തെ വിശേഷിപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |