
കൊല്ലം: പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ഭാഗമായാണ് വയനാട് മുൻ ജില്ലാ സെക്രട്ടറി പി.ഗഗാറിനെയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ കൊല്ലത്ത് നിന്നുള്ള സൂസൻ കോടിയെയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിനാകെ കളങ്കം സൃഷ്ടിച്ച്, പാർട്ടി ഓഫീസ് മാർച്ച് അടക്കം അരങ്ങേറിയ കൊല്ലം കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് സൂസൻകോടിയെ ഒഴിവാക്കിയത്. ഗഗാറിനു പകരം പുതിയ ജില്ലാ സെക്രട്ടറി കെ.റഫീക്കിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബ്രാഞ്ച് സമ്മേളനങ്ങളിൽ പോലും മത്സരം പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്ന സംസ്ഥാന നേതൃത്വം വയനാട്ടിൽ ഗഗാറിനെ നീക്കാൻ മത്സരത്തിന് കളമൊരുക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിൽ പി.ആർ.വസന്തന്റെയും സൂസൻകോടിയുടെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് സി.പി.എമ്മിന് സംസ്ഥാനത്താകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾക്ക് വഴിവച്ചത്. ചേരിപ്പോരിനെത്തുടർന്ന് കരുനാഗപ്പള്ളിയിലെ പത്ത് ലോക്കൽ സമ്മേളനങ്ങളിൽ ഏഴിടത്ത് മത്സരം നടന്നിരുന്നു. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഹാളിൽ പൂട്ടിയിട്ട ശേഷം പുറത്ത് പരസ്പരം ഏറ്റുമുട്ടി. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിലേക്ക് സേവ് സി.പി.എം പ്ലക്കാർഡുകളുമായി മാർച്ചും നടന്നു. ഇതോടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. മറ്റ് മേഖലകളിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് കരുനാഗപ്പള്ളിയിലെ സംഘടാ പ്രവർത്തനം നിലവിൽ ഏകോപിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |